ചാലക്കുടി: കൊരട്ടിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ സെറ്റില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര കാരവനുകള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. നികുതിയും പിഴയും അടച്ചശേഷം വിട്ടുകൊടുത്തു. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന കന്‍വാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയില്‍ എത്തിച്ചപ്പോഴാണു കാരവന്‍ പിടികൂടിയത്. തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള കാരവനാണ് ഇതിലൊന്ന്. കാരവനുകള്‍ വാടകയ്‌ക്കെടുത്ത സംഘം ഇവ കേരളത്തില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുല്‍ഖറിനൊപ്പം ഹിന്ദി താരം ഇര്‍ഫാന്‍ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവന്‍ കൊണ്ടുവന്നതെന്നു ചിത്രീകരണസംഘം വെളിപ്പെടുത്തി. തൃശൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.എം.സിദ്ദീഖ്, ബിനോയ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.

കോഴിക്കോട്: കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം. ആര്‍ഡിഒ ഓഫീസിനുമുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തിരുവനന്തപുരം: ഓണം ബംബര്‍ നറുക്കെടുത്തു. AJ 442876 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്. ജി.എസ്.ടി കൂടി ചേര്‍ത്ത് 59 കോടി രൂപയാണ് സര്‍ക്കാരിന് ഈ വര്‍ഷത്തെ ഓണം ബംബര്‍ വില്‍പനയിലൂടെയുള്ള ലാഭം. മൊത്തം 145 കോടി രൂപയാണ് 65 ലക്ഷം ടിക്കറ്റ് വിറ്റതിലൂടെ കിട്ടുന്നത്. സമ്മാനം കൊടുത്തു കഴിഞ്ഞുള്ള ലാഭമാണ് 59 കോടി.


ദില്ലി: സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ കോളജുകളില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് നടന്ന അഡ്മിഷന്‍ നടപടികള്‍ സുപ്രീം കോടതി അംഗീകരിച്ചു. അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍അസ്ഹര്‍, വയനാട് ഡി.എം എന്നീ കോളേജുകള്‍ എം.ബി.ബി.എസ് കോഴ്സുകളിലേക്ക് നടത്തിയ 400 അഡ്മിഷനുകളാണ് കോടതി അംഗീകരിച്ചത്. കോളേജുകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേട്ട കോടതി വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് മാത്രമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് വ്യക്തമാക്കി. മാനേജ്മെന്റുകളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും തമ്മില്‍ നടത്തിയ വടംവലിയില്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ത്രിശങ്കുവിലായെന്നും കോടതി ചൂണ്ടിക്കാട്ടി.

ചെന്നൈ: മദ്യപിച്ച്‌ വണ്ടിയോടിച്ചതിന് നടന്‍ ജയ് അറസ്റ്റില്‍. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടയാര്‍ ഫ്ലൈ ഓവറില്‍ ഇടിച്ചു നിന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്. മദ്യപിച്ച്‌ അമിതവേഗത്തില്‍ വണ്ടിയോടിച്ച ജയ് ഡിവൈഡറിലേക്ക് വണ്ട ഓടിച്ചു കയറ്റിയെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.