തന്നെ കിണറ്റിലെറിയരുത് അച്ചായെന്ന വൈഷ്ണവിയുടെ നിലവിളി സുരേഷ്കുമാറിന്‍റെ ഹൃദയത്തിൽ തറച്ചെങ്കിലും ഭാര്യയേയും മക്കളേയും കടങ്ങളുടെ ലോകത്ത് തനിച്ചാക്കി പോകില്ലായെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ആ പിതാവ്

എരുമപ്പെട്ടി: ജീവിതത്തിനും മരണത്തിനുമിടയിൽ വൈഷ്ണവി കഴിഞ്ഞത് നാല് മണിക്കൂർ. കടങ്ങോട് കുടുംബത്തിന്‍റെ കൂട്ടമരണത്തിൽ നിന്നും വൈഷ്ണവി രക്ഷപ്പെട്ടത് കിണറിലെ വൈദ്യുതി മോട്ടോറിന്‍റെ കയറിൽ തൂങ്ങി.  തന്നെ കിണറ്റിലെറിയരുത് അച്ചായെന്ന വൈഷ്ണവിയുടെ നിലവിളി സുരേഷ്കുമാറിന്‍റെ ഹൃദയത്തിൽ തറച്ചെങ്കിലും ഭാര്യയേയും മക്കളേയും കടങ്ങളുടെ ലോകത്ത് തനിച്ചാക്കി പോകില്ലായെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ആ പിതാവ്. അതു കൊണ്ട് തന്നെ മകളുടെ കാൽപിടിച്ചുള്ള കരച്ചിൽ സുരേഷ്കുമാറിനെ തന്‍റെ ലക്ഷ്യത്തിൽ  നിന്നും പിന്തിരിപ്പിച്ചില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ച തന്‍റെ പിഞ്ചോമനയെ  പിടിച്ച് കിണറ്റിലേക്ക് എറിയുമ്പോൾ ആ പിതാവ് ഇങ്ങനെ പറഞ്ഞുവത്രെ .മോളെ അച്ചന് ഇഷ്ടമില്ലാഞ്ഞിട്ടല്ല... അച്ചന് വേറെ മാർഗമില്ല.. മോളെ തനിച്ചാക്കി പോകാൻ അച്ചന് കഴിയില്ല.. ഇത് പറയുമ്പോൾ അച്ചൻ കരഞ്ഞിരുന്നുവെന്ന് വൈഷ്ണവി പറഞ്ഞു. എന്നും ലോട്ടറി വിറ്റ് വരുമ്പോൾ തന്‍റെ പൊന്നുമക്കൾക്ക് പലഹാര പൊതിയുമായാണ് സുരേഷ്കുമാർ വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച രാത്രിയിൽ ഐസ്ക്രീം കൊണ്ട് വന്ന് കുട്ടികൾക്ക് കൊടുത്ത സുരേഷ്കുമാർ ഇതോടൊപ്പം കുട്ടികൾക്ക് ഉറക്കഗുളികകൾ കൂടി നൽകുകയായിരുന്നു. വിരയ്ക്കുള്ള ഗുളികകളാണെന്ന് പറഞ്ഞാണ് ഗുളികകൾ കുട്ടികളേ കൊണ്ട് കഴിപ്പിച്ചത്. വൈഷ്ണവി ഗുളിക കഴിക്കാൻ തയ്യാറാകാത്തതിനാൽ ഐസ്ക്രീമിൽ പൊടിച്ച് നൽകുകയായിരുന്നു. വൈഷ്ണവി ഉടൻ തന്നെ ചർദ്ധിച്ചതിനാൽ ഗുളികയുടെ മയക്കം കുട്ടിക്ക് ഉണ്ടായില്ല. ഇതിന് ശേഷം രാത്രി 12 മണിയോടെയാണ് സുരേഷ് കുട്ടികളെ കിണറ്റിൽ എറിഞ്ഞത്. പാതി മയക്കിത്താലായ മറ്റുകുട്ടികളെ കിണറ്റിൽ എറിയുന്നതും അമ്മചാടുന്നതും കണ്ട് ഭയന്ന് മൂന്ന് തവണ കുതറി വീടിന് ചുറ്റും ഓടിയ വൈഷ്ണവിയെ സുരേഷ്കുമാർ പിടികൂടി കിണറ്റിൽ എറിയുകയായിരുന്നു. വെള്ളത്തിൽ മുങ്ങി പൊങ്ങിയ വൈഷ്ണവിക്ക് കിണറിലെ മോട്ടോർ കെട്ടിയിരുന്ന കയറിൽ പിടിത്തം കിട്ടുകയായിരുന്നു.  ജീവനും മരണത്തിനുമിടയിൽ  കയറിൽ തൂങ്ങി ഏകദേശം നാല് മണിക്കൂർ സമയമാണ് വൈഷ്ണവി കിണറിൽ കഴിഞ്ഞത്. പുലർച്ചെ നടക്കാൻ ഇറങ്ങിയ നാട്ടുകാർ  കിണറിൽ നിന്നും വൈഷണവിയുടെ കരച്ചിൽ കേട്ടെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സ്വന്തം അച്ചന്റേയും അമ്മയുടേയും കൂടപ്പിറപ്പുകളുടേയും മരണം കൺമുന്നിൽ കണ്ട നടുക്കത്തിൽ നിന്നും ഈ എട്ട് വയസുകാരി ഇപ്പോഴും മോചിതയായിട്ടില്ല. അനാഥയാകപ്പെട്ട ഈ പൊന്നോമനയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ കണ്ണുനീർ പൊഴിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
റിപ്പോര്‍ട്ട്. റഷിദ് എരുമപ്പെട്ടി
[full-post]

Post A Comment: