മിഠായികൾ കുട്ടികളിൽ ശീലമാക്കുന്നതിനായി കുറഞ്ഞ അളവിൽ നിക്കോട്ടിൻ ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും സൂചന

എരുമപ്പെട്ടി: പുതിയ അധ്യയന വർഷാരംഭത്തിനായി വിദ്യാലയങ്ങൾ ഒരുങ്ങിയതോടൊപ്പം  വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് നിലവാരമില്ലാത്തതും വിഷലിപ്തവുമായ മിഠായികളും മധുര  പലഹാരങ്ങളും  സ്കൂൾ പരിസരങ്ങളിലെ  കച്ചവട സ്ഥാപനങ്ങളിൽ എത്തിക്കഴിഞ്ഞു.
ഭക്ഷ്യ, ആരോഗ്യ വകുപ്പുകളുടെ ശ്രദ്ധയെത്താത്ത വിപണന മേഖലയാണ് സ്കൂൾ പരിസരങ്ങളിലെ മിഠായി മധുര പലഹാര  കച്ചവടങ്ങൾ. അതു കൊണ്ട് കുട്ടികൾക്ക് വൻതോതിൽ വിറ്റഴിക്കുന്ന മിഠായികളിൽ ഭൂരിഭാഗവും നിലവാരമില്ലാത്തതും രാസപദാർത്ഥങ്ങൾകൊണ്ട് വിഷലിപ്തമായതുമാണ്. പല മിഠായി പാക്കറ്റുകളിലും നിർമ്മാണ കമ്പനികളുടെ പേരും മേൽവിലാസം ഇല്ലാത്തവയും  ലേബലുകളുള്ളതിൽ അധികവും വ്യാജവുമാണ്.  തമിഴ്നാട്, കാർണ്ണാടക ഉൾപ്പടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള മിഠായികളും മധുര പലഹാരങ്ങളും വൻതോതിലെത്തുന്നത്. വ്യാജ ലേബലുകളിൽ എത്തുന്ന മിഠായികൾക്ക് ബ്രാന്റഡ് കമ്പനികളുടെ മിഠായിയേക്കാൾ വലിയ ലാഭം ലഭിക്കുമെന്നതിനാലാണ് കച്ചവടക്കാർ ഇത്  വിറ്റഴിക്കുന്നതിന്  കൂടുതൽ ഉത്സാഹം കാണിക്കുന്നത്. തീർത്തും വൃത്തിഹീനമായ രീതിയിൽ നിർമ്മിക്കുന്ന മിഠായികൾക്ക് രുചിയും നിറവും നൽകാൻ വിഷാംശമുള്ള രാസ പദാർത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം മിഠായികൾ കുട്ടികളിൽ ശീലമാക്കുന്നതിനായി കുറഞ്ഞ അളവിൽ നിക്കോട്ടിൻ ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും സൂചനയുണ്ട്. കുട്ടികളെ ആകർഷിക്കുന്നതിനായ് വായിലേക്ക് സ്പ്രേ ചെയ്യുന്ന മിഠായികളും പാൻമസാലകളുടെ രുചിയുള്ള മിഠായികളുടെ വിൽപ്പന കഴിഞ്ഞ അധ്യയന വർഷത്തിൽ സുലഭമായിരുന്നു. പത്ത് രൂപയുമായി ചെന്നാൽ കുട്ടികളുടെ വായിലേക്ക് സ്പ്രെ ചെയ്ത് നൽകിയിരുന്ന ലഹരി കലർന്ന മിഠായിയുടെ വിൽപ്പന പല സ്ഥലങ്ങളിലും പോലീസ് ഇടപെട്ട് നിർത്തലാക്കിയിരുന്നു. ഈ അധ്യയന വർഷത്തിലും കുട്ടികളെ രോഗികളാക്കുന്ന പല ഇനത്തിലുമുള്ള മിഠായികൾ സ്കൂൾ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തിന് ഹാനീകരമായ ഇത്തരത്തിലുള്ള മിഠായികളുടെ വിൽപ്പന തടയാൻ ആരോഗ്യ, ഭക്ഷ്യ വകുപ്പുകൾ കർശന നടപടി സ്വീകരിക്കണം തയ്യാറാകണം.

Post A Comment: