ജില്ലയില്‍ ജൂണ്‍ 27, 28, 29 തീയതികളില്‍ എം.എല്‍.എ മാരുടെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകള്‍, തൊഴിലാളി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍

തൃശ്ശൂര്‍: ജില്ലയില്‍ ജൂണ്‍ 27, 28, 29 തീയതികളില്‍ എം.എല്‍.എ മാരുടെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകള്‍, തൊഴിലാളി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ സഹകരണത്തോടെ  ശുചീകരണപ്രവര്‍ത്തനവും മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനവും സംഘടിപ്പിക്കുമെന്ന് ജില്ലയുടെ ചുമതലയുളള വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എം.പി / എം.എല്‍.എ മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധസംഘടന പ്രതിനിധികള്‍, ക്ലബുകള്‍, എന്‍.സി.സി, സ്കൗട്ട്, ഗൈഡസ്, വ്യപാരിസംഘടന പ്രതിനിധികള്‍, ഐ.എം.എ, നെഹ്റു യുവകേന്ദ്ര, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിവരുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികത്വമല്ല പ്രായോഗിക സമീപനമാണ് ശുചീകരണപ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്വീകരിക്കേണ്ടത്. അധിക സമയം ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍സന്‍റീവ് നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തനത് ഫണ്ടില്‍ നിന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്ന 25000 രൂപ വരെ ക്രമീകരിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരാവിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശുദ്ധജല മാലിന്യ സ്രോതസ്സുകളില്‍ മാലിന്യം തളളുന്നവരെ നീരിക്ഷിക്കുന്നതിന് പോലീസിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഒ.പി.സമയം ദീര്‍ഘിപ്പിക്കുക, ഐ.എം.എ യുടെ സഹകരണം, ഫീവര്‍ ക്ലിനിക്കുകള്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിങ്ങനെ പനി നിയന്ത്രിക്കുവാന്‍ സാദ്ധ്യമായതെല്ലാം ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുവാന്‍ മന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. സംയുക്ത യോഗത്തിനു ശേഷം ജില്ലാതല ഉദ്യോഗസ്ഥരുമായി രോഗപ്രതിരോധ പ്രവര്‍ത്തനപുരോഗതി മന്ത്രി വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടത്തി. സി.എന്‍.ജയദേവന്‍ എം.പി., എം.എല്‍.എ.മാരായ ബി.ഡി.ദേവസ്സി, മുരളി പെരുനെല്ലി, കെ.വി.അബ്ദുള്‍ ഖാദര്‍, യു.ആര്‍.പ്രദീപ്, വി.ആര്‍.സുനില്‍കുമാര്‍, കെ.രാജന്‍,  കെ.യു.അരുണന്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷണന്‍,  റൂറല്‍ എസ്.പി. എന്‍.വിജയകുമാര്‍, ഡി.എം.ഒ ഡോ.കെ.സുഹിത തുടങ്ങിയവര്‍ പങ്കെടുത്തു.

Post A Comment: