ഗ്രന്ഥശാലകള്‍ കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രങ്ങളാണ്.


നമ്മുടെ അറിവില്ലായ്മയുടെ തോത് മനസ്സിലാക്കാന്‍ വായന സഹായിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് സ്കൂളില്‍ വായനദിന-പക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന നല്‍കുന്ന അറിവ് നേടിയാല്‍ നമ്മുടെ വിവരമില്ലായ്മയുടെ തോത് എത്രയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. വായനയിലൂടെയാണ് സമൂഹത്തെക്കുറിച്ചുളള കാഴ്ചപ്പാടുണ്ടാക്കാനും കഴിയൂ. നല്ല വായന ഇല്ലെങ്കില്‍ ചീത്ത മാനസികാവസ്ഥ ഉണ്ടാകുമെന്നും തദ്വസരത്തില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. നല്ല മാര്‍ക്ക് നേടുന്നതോടൊപ്പം വായനില്‍ നിന്നു നേടുന്ന അറിവും ഉണ്ടാകണം. മികച്ച വിജയം നേടുന്നവര്‍ക്ക് പൊതുവിജ്ഞാനത്തിന്‍റെ കുറവുണ്ടെന്ന് പൊതുവേ പരാതിയുണ്ട്. അതു പരിഹരിക്കാന്‍ ആവശ്യമായ വായന കൊണ്ടേ സാധിക്കു. വിദ്യാര്‍ത്ഥികള്‍ നല്ല വായനക്കാരായി മാറേണ്ട സാഹചര്യമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാലകള്‍ കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രങ്ങളാണ്. അകാര്യം മനസ്സിലാക്കിയാണ് ഗ്രന്ഥശാലകളെ സര്‍ക്കാര്‍ പരിപോഷിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എം.എല്‍.എ മുരളി പെരുനെല്ലി  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് ഷീല വിജയകുമാര്‍, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ടി.കെ.വാസു പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം സുനില്‍ ലാലൂര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ കെ.സുമതി, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  സി.അബ്ദു റഷീദ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍.ഹരി സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കുളള പുരസ്ക്കാരത്തിന് അര്‍ഹരായ സി.വി.തങ്കപ്പന്‍ (വില്ലടം യുവജന വായനശാല), പി.പി.സജി (വെസ്റ്റ് കൊരട്ടി ജ്ഞാനോദയം വായനശാല), പി.കെ.വാസു (വെസ്റ്റ് പെരിഞ്ഞനം എം.വി.വേണുഗോപാല്‍ സ്മാരക ലൈബ്രറി), സി.വി.സുധാകരന്‍ (തൃത്തല്ലൂര്‍ വാടാനപ്പിളളി യൂത്ത് ലീഗ് ലൈബ്രറി), പി.ആര്‍. മോഹനന്‍ (വടക്കുമുറി വേലൂര്‍ ഗ്രാമീണ വായനശാല), വി.വി.തിലകന്‍ (പട്ടേപ്പാടം താഷ്ക്കന്‍റ് ലൈബ്രറി), മികച്ച ലൈബ്രേറിയനായ വി.എന്‍.ഗോപാലകൃഷ്ണന്‍ (അവിണിശ്ശേരി ഗ്രാമീണ വായനശാല) എന്നിവര്‍ക്ക് കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ 3000 രൂപയും മെമന്‍റോയും നല്‍കി ആദരിച്ചു. ജില്ലയിലെ മികച്ച സ്കൂള്‍ ലൈബ്രറികളായി തെരഞ്ഞെടുത്ത ചേര്‍പ്പ് ജി.എച്ച്.എസ്.എസ്., കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, പാഞ്ഞാള്‍ ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ക്കും ജില്ലയില്‍ മികച്ച ലൈബ്രറി പ്രവര്‍ത്തിക്കുന്ന തളിക്കുളം തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിനും 3000 രൂപയുടെ പുസ്തക കിറ്റ് മന്ത്രി നല്‍കി.  ജില്ലാ തല പരിപാടികള്‍ക്കു പുറമേ 12 ഉപജില്ലകളിലും വായനാപക്ഷാചരണത്തിന്‍റെ ഉദ്ഘാടനം നടത്തി. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പി.എന്‍.പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച പരിപാടികള്‍ ഐ.വി.ദാസിന്‍റെ ജന്മദിനമായ ജൂലൈ ഏഴിന് ജില്ലിയില്‍ സമാപിക്കും.
Post A Comment: