തൃശൂര്‍: തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്
ഓഗസ്റ്റ് മുതല്‍ യാത്രാ സൗജന്യത്തിന് അര്‍ഹതയില്ല
 ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 1 മുതല്‍ യാത്രാസൗജന്യം നല്‍കേണ്ടെന്ന് കളക്ടറേറ്റില്‍ചേര്‍ന്ന സ്റ്റുഡന്‍റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി തീരുമാനിച്ചു. റഗുലര്‍കോഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍കാര്‍ഡ് മതിയാകും. സര്‍വ്വകലാശാല അംഗീകാരമുള്ള കോഴ്സുകള്‍ക്കു പഠിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്‍റ് ട്രാവല്‍ ഫെസിലിറ്റി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കണ്‍സഷന്‍ കാര്‍ഡിന് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കുന്നതല്ല. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കേണ്ട ഉത്തരവാദിത്വം വിദ്യാഭ്യാസ സ്ഥാപന അധീകാരികള്‍ക്കാണ്. സ്വകാര്യസ്ഥാപനങ്ങള്‍ ഓണ്‍ലൈനായി ആര്‍ ടി ഒ ഓഫീസിലേക്കും ജോയിന്‍റ് ആര്‍ ടി ഒ ഓഫീസിലേയ്ക്കും കണ്‍സഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കണം. ജൂലൈ 31നുശേഷം പ്രവേശനംനേടുന്ന മുറയ്ക്ക് കാര്‍ഡ്  നല്‍കും. കണ്‍സഷന്‍ കാര്‍ഡില്‍ പോലീസ് ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 100, ചൈല്‍ഡ് ലൈന്‍ നമ്പര്‍ 1098 എന്നിവ ഉണ്ടായിരിക്കും. താലൂക്ക്തലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ്, പോലീസ്, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, ബസ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ മൂന്നുമാസത്തിലൊരിക്കല്‍ യോഗംചേരും. അതിനുശേഷം ജില്ലാതല സ്റ്റുഡന്‍റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയോഗം ചേരും. എ ഡി എം സി കെ അനന്തകൃഷ്ണന്‍റെ  അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ചേര്‍ന്ന യോഗത്തില്‍ ആര്‍ ടി ഒ എം പി അജിത് കുമാര്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, ബസ് ഉടമകള്‍, ബസ് അസോസിയേഷന്‍ പ്രതിനിധികള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Post A Comment: