സ്വത്ത് കൈവശപ്പെടുത്തിയ ശേഷം വൃദ്ധയെ തെരുവില്‍ തളളിയ ആണ്‍മക്കള്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ വനിത കമ്മീഷന്‍
തൃശൂര്‍: സ്വത്ത് കൈവശപ്പെടുത്തിയ ശേഷം വൃദ്ധയെ തെരുവില്‍ തളളിയ ആണ്‍മക്കള്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ വനിത കമ്മീഷന്‍ ആര്‍.ഡി.ഒ യ്ക്ക് നിര്‍ദ്ദേശം നല്‍കി. ചെങ്ങാലൂരിലെ എഴുപതുകാരിയില്‍ നിന്ന് 70 സെന്‍റും വീടും മക്കള്‍ തെറ്റിദ്ധരിപ്പിച്ച് കൈവശപ്പെടുത്തിയതിനാണ് നടപടി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ അംഗന്‍വാടി പ്രവര്‍ത്തകരെ മാനസികമായി പീഡിപ്പിക്കുന്ന പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സി.ഡി.പി.ഒ. യോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാനസിക വിഭ്രാന്തിയില്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയിരുന്ന കുട്ടികളെ കൗണ്‍സിലിങ്ങ് നല്‍കി ഭീതി അകറ്റി സാധാരണ നിലയിലേക്കത്തിച്ചതിന് നന്ദി പറയാന്‍ രക്ഷിതാക്കള്‍ കമ്മീഷനില്‍ എത്തി. ഫെബ്രുവരിയിലാണ് കമ്മീഷന്‍ പരിഗണിച്ച് കൗണ്‍സിലിങ്ങ് ആരംഭിച്ചത്. ടൗണ്‍ ഹാളില്‍ നടത്തിയ അദാലത്തില്‍ 67 കേസുകള്‍ പരിഗണിച്ചു. 28 എണ്ണം തീര്‍പ്പാക്കി. 3 എണ്ണം ജാഗ്രതാ സമിതിയ്ക്ക് കൈമാറി. 26 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റി. കുടുംബവഴക്ക്, അതിര്‍ത്തിത്തര്‍ക്കം എന്നീ കേസുകളായിരുന്നു ഏറെയും. കമ്മീഷന്‍ അംഗം ഷിജി ശിവജി, ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, അഡ്വ.എല്‍ദോ പൂക്കുന്നേല്‍, അഡ്വ.ലൗലിന്‍ പോള്‍സണ്‍, അഡ്വ.ബൂണി സന്തോഷ്, കൗണ്‍സിലര്‍മാരായ പി.ഭാഗ്യലക്ഷ്മി, മാല ലക്ഷ്മണന്‍, വനിത സെല്‍ പോലീസ് ഓഫീസര്‍ ടി.ആര്‍.പത്മിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post A Comment: