ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എംഎല്‍ നിജലിംഗപ്പ എന്ന ട്രാഫിക് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് ഇതിന് പിന്നാലെ നവമാധ്യമങ്ങളില്‍ അഭിനന്ദപ്രവാഹമായിരുന്നു

ബംഗളൂരു: ഇന്ത്യയില്‍ ഒരു പൊലീസുകാരനായി ജോലി ചെയ്യുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. പൗരന്മാര്‍ക്ക് സംരക്ഷണവും സഹായവുമായി അവര്‍ എപ്പോഴും ജാഗരൂകരാണ്. പൗരന്മാരെ സേവിക്കുന്നതോടൊപ്പം അധികാരികളോടുളള കടമയും ബഹുമാനവും കാണിക്കേണ്ടയാളാണ് പൊലീസുകാരന്‍. എന്നാല്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രാജ്യത്തെ പ്രസിഡന്റിനെ തന്നെ തടഞ്ഞിരിക്കുകയാണ് ബംഗളൂരുവില്‍ നിന്നുളള ഒരു പൊലീസുകാരന്‍. ആംബുലന്‍സിന് കടന്നുപോകാന്‍ വഴിയൊരുക്കാനാണ് പ്രസിഡന്റിന്റെ വാഹനവ്യൂഹം ട്രാഫിക് പൊലീസുകാരന്‍ തടഞ്ഞത്. ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എംഎല്‍ നിജലിംഗപ്പ എന്ന ട്രാഫിക് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് ഇതിന് പിന്നാലെ നവമാധ്യമങ്ങളില്‍ അഭിനന്ദപ്രവാഹമായിരുന്നു.
മെട്രോയുടെ ഗ്രീന്‍ ലൈന്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി ബംഗളൂരുവിലെത്തിയത്.രാജ്ഭവനിലേക്ക് യാത്ര തിരിച്ചതായിരുന്ന അദ്ദേഹത്തിന്റെ വാഹനവ്യൂഹമാണ് നിജലിംഗപ്പ തടഞ്ഞത്. സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് അദ്ദേഹം മറ്റ് സഹപ്രവര്‍ത്തകരുടെ സഹായത്തോടെ വഴിയൊരുക്കിയത്.സംഭവത്തിന് പിന്നാലെ ട്രാഫിക് പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് പൊലീസ് പ്രതിഫലവും വാഗ്ദാനം ചെയ്തതായാണ് വിവരം. ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കമുളളവര്‍ പൊലീസുകാരന്റെ പ്രവൃത്തിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Post A Comment: