റോഡ്, തോട്, നദികള്‍ വീടുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ നിന്നും ക്വാറിയിലേക്കുള്ള ദൂരം 50 മീറ്റര്‍ ആയിരുന്നത്
കേരളത്തിലെ ഖനന നിയമം പരിഷ്ക്കരിച്ചു
ചെറുകിട ധാതുക്കളുടെ നിയന്ത്രണവും വികസനവും സംബന്ധിച്ച 2015 ലെ കേരളാ മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതായി വ്യവസായ കായിക വകുപ്പ് മന്ത്രി എ.സിമൊയ്തീന്‍ അറിയിച്ചു. റോഡ്, തോട്, നദികള്‍ വീടുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ നിന്നും ക്വാറിയിലേക്കുള്ള ദൂരം 50 മീറ്റര്‍ ആയിരുന്നത് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 100 മീറ്റര്‍ ആയി ഉയര്‍ത്തുകയും കേരളത്തിലെ രണ്ടായിരത്തിലധികം ചെറുകിട ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ടതായ സാഹചര്യവും ഉണ്ടായി. സംസ്ഥാനത്തിന് ആവശ്യമുള്ള നിര്‍മ്മാണ സാധനങ്ങളുടെ ഭൂരിഭാഗവും ചെറുകിട ക്വാറികളില്‍ നിന്നാണ് ലഭ്യമായിരുന്നത്. ചെറുകിട ക്വാറികളില്‍ നിന്നുള്ള ഉല്പാദനം നിലച്ചതോടെ നിര്‍മ്മാണ സാധനങ്ങളുടെ വില അമിതമായി വര്‍ദ്ധിച്ചു എന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യവസായ വകുപ്പ് ഇതേപ്പറ്റി പരിശോധന നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച ചട്ടങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ ചട്ടങ്ങളിലും പൊതു സ്ഥലങ്ങളില്‍ നിന്നുള്ള ദൂരപരിധി 50 മീറ്റര്‍ എന്ന് നിജപ്പെടുത്തിയിരിക്കുമ്പോഴാണ് കേരളത്തില്‍ മാത്രം 100 മീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ച് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മന്ത്രിസഭായോഗം കേരളത്തിലെ ചട്ടങ്ങളും കേന്ദ്ര നിയമത്തിനനുസൃതമായി ദൂരപരിധി 50 മീറ്റര്‍ ആയി പുനസ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ സംജാതമായിരുന്ന പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്ന് കരുതുന്നു. ക്വാറിങ് പെര്‍മിറ്റിന്‍റെ കാലാവധി 3 വര്‍ഷമായിരുന്നത് 5 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു. മേജര്‍ മിനറലുകളായ ചൈന ക്ലേ, സിലിക്കാസാന്‍ഡ്, ലാറ്ററൈറ്റ്, എന്നിവ 2015 ല്‍ മൈനര്‍ മിനറലുകളായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നെങ്കിലും കേരളാ മൈനര്‍ മിനറല്‍ കണ്‍സപ്ഷന്‍ ചട്ടങ്ങളില്‍ പ്രസ്തുത മിനറലുകളെ ഉള്‍പ്പെടുത്താത്തതുകൊണ്ട് സംസ്ഥാനത്ത് ഇവയുടെ ഖനനത്തിന് അനുമതി നല്‍കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മലബാര്‍ സിമന്‍റ്സിന്, കേരളത്തില്‍ സുലഭമായിട്ടുള്ള ലാറ്ററൈറ്റ് ഖനനം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആന്ധ്രയില്‍ നിന്നും മൂന്നിരട്ടി വിലയ്ക്ക് വാങ്ങേണ്ടതായും വന്നു. പുതിയ ഭേദഗതിയില്‍ മേല്‍ സൂചിപ്പിച്ച മിനറലുകളെ മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണത്തിന്‍റെ ഭാഗമായി സാധാരണ മണ്ണ് നീക്കം ചെയ്യാന്‍ അനുമതി വാങ്ങിയിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനകം അടിസ്ഥാനമെങ്കിലും നിര്‍മ്മിച്ചിട്ടില്ലെങ്കില്‍ സാധാരണ മണ്ണ് നീക്കം ചെയ്തത് അനധികൃതമായി ഖനനം ചെയ്തതായി കണക്കാക്കി ശിക്ഷ നല്‍കുന്നതാണ്. കെട്ടിട നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഭൂമി ലെവല്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ എത്ര സ്ഥലത്ത് എത്ര അളവില്‍ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട് എന്ന വിവരം ബില്‍ഡിംഗ് പെര്‍മിറ്റില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കേണ്ടതുണ്ട്.

Post A Comment: