സ്വജനപക്ഷപാതവും പക്ഷപാത ചിന്തയും പൂര്‍ണ്ണമായി ഒഴിവാക്കാനുളള കരുതല്‍ എപ്പോഴും പോലീസ് പുലര്‍ത്തണം. ഏതെങ്കിലും രീതിയിലുളള പ്രതികാരബുദ്ധിയുണ്ടെങ്കില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് അത് പാടെ ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.


നിയമത്തിനും ചട്ടത്തിനും ആരും അതീതരല്ലാത്ത പോലെ തന്നെയാണ്  പോലീസും  എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമിയില്‍ 28 ബി ബാച്ച് സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സെല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവും ചട്ടവും അനുസരിച്ച് പ്രവര്‍ത്തിക്കാനുളള ഇച്ഛാശക്തി പോലീസ് കാണിക്കണം.
സ്വജനപക്ഷപാതവും പക്ഷപാത ചിന്തയും പൂര്‍ണ്ണമായി ഒഴിവാക്കാനുളള കരുതല്‍ എപ്പോഴും പോലീസ് പുലര്‍ത്തണം. ഏതെങ്കിലും രീതിയിലുളള പ്രതികാരബുദ്ധിയുണ്ടെങ്കില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് അത് പാടെ ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 
പോലീസ് സേനയിലെ പ്രാധാന്യമുളള പോസ്റ്റാണ് സബ് ഇന്‍സ്പെക്ടര്‍ പോസ്റ്റ്. 
ഏതെങ്കിലും ഒരു പ്രദേശത്ത് നിയമവിരുദ്ധമായും നിയമവ്യതിയാനത്തോടും കൂടി കാര്യങ്ങള്‍ ചെയ്താല്‍ അത് കേരളത്തിലെ പോലീസ് സേനയുടെ അന്തസ്സിനെ മൊത്തമായി ബാധിക്കും. 
അതു കൊണ്ടു തന്നെ കൃത്യനിര്‍വഹണത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് അക്കാദമിയില്‍ നിന്ന് അടിസ്ഥാന പരിശീലനം നേടിയെങ്കിലും അതിന്‍റെ പ്രായോഗികത പൂര്‍ത്തിയാകുന്നത് ഓരോ പോലീസ് സ്റ്റേഷനിലുമാണ്. അതിനാല്‍ തന്നെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയം കൈവരിക്കാനാവൂ. ഒരു നിമിഷത്തെ പാളിച്ച വലിയ തോതിലുളള വ്യതിയാനമുണ്ടാക്കും. ഈ പാളിച്ച നിങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കും. അതൊരിക്കലും ഉണ്ടാകാത്ത വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിലെല്ലാം ജാഗ്രത പുലര്‍ത്തുമ്പോഴും മനുഷ്യസ്നേഹം സഹാനുഭൂതിയും വച്ചു പുലര്‍ത്തണം. അതോടൊപ്പം കര്‍ത്ത്യബോധവും ഉണ്ടാകണം. എങ്കില്‍ മാത്രമേ ഉത്തമ പോലീസ് ഓഫീസര്‍മാരായി മാറാന്‍ കഴിയൂ എന്ന കാര്യവും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സി.എന്‍.ജയദേവന്‍ എം.പി., അഡ്വ.കെ.രാജന്‍ എം.എല്‍.എ, സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍, എ.ഡി.ജി.പി (പരിശീലനം) കെ.പത്മകുമാര്‍ തുടങ്ങിയവര്‍  സന്നിഹിതരായി. പരിശീലനത്തില്‍ വിവിധ ഇനങ്ങളില്‍ മികവു പുലര്‍ത്തിയ സബ് ഇന്‍സ്പെക്ടര്‍മാരായ അനൂപ്, സുനില്‍ വി, ശ്യാംരാജ്.ജെ.നായര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പാരിതോഷികങ്ങള്‍ നല്‍കി. പാസിംഗ് ഔട്ട് പരേഡില്‍ ആറു പ്ലാറ്റൂണുകള്‍ അണിനിരന്നു. 186 സബ് ഇന്‍സ്പെക്ടര്‍മാര്‍ പരേഡില്‍ പങ്കെടുത്തു.

Post A Comment: