പകുതി വഴിയില്‍ ജിഎസ്ടി നടപ്പാക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു
ന്യൂഡല്‍ഹി: ജി.എസ്.ടി.യിലേക്ക് രാജ്യം വഴിമാറാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരന്റെ കഴിവില്ലായ്മ മൂലമാണ് ജി.എസ്.ടി. പാതിവെന്ത നിലയില്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നോട്ട് നിരോധനം പോലെയാകും ജിഎസ്ടിയെന്നും രാഹുല്‍ പറഞ്ഞു.

വലിയ സാധ്യതകളുള്ള പരിഷ്‌കരണ നടപടിയാണ് ജി.എസ്.ടി. എന്നാല്‍ വ്യക്തിപരമായ പ്രചാരണത്തിനായി ഉപയോഗിക്കാനാണ് പകുതി വഴിയില്‍ ജിഎസ്ടി നടപ്പാക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോടിക്കണക്കിന് ചെറുകിട കച്ചവടക്കാരുടേയും വ്യാപാരികളുടേയും വേദനയും ഉത്കണ്ഠയും വകവെക്കാതെയാണ് ജിഎസ്ടി നടപ്പാക്കുന്നത്. നോട്ട് നിരോധനം പോലെ ഒരു മുന്നൊരുക്കവും ഇത് നടപ്പാക്കുന്നതിനായി നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് അര്‍ധരാത്രി നടക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഔദ്യോഗികമായി സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇടതുപാര്‍ട്ടികളും സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല.

Post A Comment: