കൂടുതല്‍ സ്വീകാര്യതയുള്ള ദലിത് സ്ഥാനാര്‍ഥിയെയോ രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം പ്രതിച്ഛായയുള്ള സ്ഥാനാര്‍ഥിയെയോ അവര്‍ക്കു കണ്ടെത്തേണ്ടി വരുംന്യൂഡല്‍ഹി: ബിജെപി ദലിത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പു വെല്ലുവിളിയായതു പ്രതിപക്ഷത്തിനാണ്. കൂടുതല്‍ സ്വീകാര്യതയുള്ള ദലിത് സ്ഥാനാര്‍ഥിയെയോ രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം പ്രതിച്ഛായയുള്ള സ്ഥാനാര്‍ഥിയെയോ അവര്‍ക്കു കണ്ടെത്തേണ്ടി വരും. മുന്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരു നേരത്തെ മുതല്‍ പരിഗണയിലുണ്ടെങ്കിലും ബിജെപി ദലിത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ സാധ്യത മങ്ങി.
ബദലായി ദലിത് സ്ഥാനാര്‍ഥിയെ തന്നെ അവതരിപ്പിക്കാനാണു ധാരണയെങ്കില്‍ ഭരണഘടനാശില്‍പി ബി.ആര്‍. അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍, മുന്‍ ലോക്‌സഭാ സ്പീക്കറും ജഗ്ജീവന്‍ റാമിന്റെ മകളുമായ മീരാകുമാര്‍ എന്നിവര്‍ക്കാണു സാധ്യത. ഒപ്പം മുന്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ദലിത് വിഭാഗക്കാരനും മറാഠിയുമായ സുശീല്‍കുമാറിനെ ശിവസേന പിന്തുണയ്ക്കുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തിനുണ്ട്.
മറ്റു പാര്‍ട്ടികളോടുംകൂടി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ദലിത് സ്ഥാനാര്‍ഥിയില്ലെങ്കില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ എസ്പി (മുലായം), ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളും റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള ദലിത് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാതിരിക്കാന്‍ യുപി നേതാക്കള്‍ക്കും സാധിച്ചേക്കില്ല.

Post A Comment: