ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വീട്ടിലും കുറഞ്ഞത് 5 ഇനം പച്ചക്കറിയെങ്കിലും ഉല്‍പാദിപ്പിക്കുന്നതാണ് പദ്ധതി. തൃശ്ശൂർ:  ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. ഏറ്റവും നന്നായി പദ്ധതി നടപ്പാക്കുന്ന കുടുംബത്തിന് / ഗ്രൂപ്പിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. രണ്ടാം സ്ഥാനത്തിന് അമ്പത്തിനായിരം രൂപയും, മൂന്നാം സ്ഥാനത്തിന് ഇരുപത്തി അയ്യായിരം രൂപയുമാണ് സമ്മാനത്തുക. ജില്ലാതല വിജയികള്‍ക്ക് പതിനയ്യായിരം, ഏഴായിരത്തിഅഞ്ഞൂറ്, അയ്യായിരം രൂപ നിരക്കിലാണ് സമ്മാനം.ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വീട്ടിലും കുറഞ്ഞത് 5 ഇനം പച്ചക്കറിയെങ്കിലും ഉല്‍പാദിപ്പിക്കുന്നതാണ് പദ്ധതി. ഇതിനുളള 57 ലക്ഷം വിത്ത് പാക്കറ്റുകള്‍ 45 ലക്ഷം പച്ചക്കറിതൈകള്‍, ഗ്രോബാഗ് യൂണിറ്റുകള്‍ എന്നിവ തയ്യാറാക്കി കഴിഞ്ഞു. ജൂലൈ ആദ്യവാരത്തോടെ ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. വി.പി.എഫ്.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, കൃഷി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴുവന്‍ കൃഷി ഭവനുകളിലും വിത്ത് പാക്കറ്റുകള്‍ ലഭിക്കും. മാധ്യമങ്ങള്‍, സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍ മുഖാന്തിരം വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്യും. ഇത്തവണയും ഓണചന്തകള്‍ നടത്തും. വട്ടവട, കാന്തല്ലൂര്‍ ഭാഗങ്ങളിലെ ശീതകാല പച്ചക്കറികള്‍ മറ്റ് ജില്ലകളിലേക്കും വിപണനം നടത്തും. സംസ്ഥാനത്ത് ആവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉല്‍പാദിപ്പിച്ച് വിപണനം നടത്തുക എന്നതാണ് കൃഷി വകുപ്പിന്‍റെ ലക്ഷ്യമെന്ന് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.

Post A Comment: