ചൈനീസ് സൈന്യത്തിന്റെ കഴിവിനെ കുറിച്ച് എന്തെങ്കിലും മിഥ്യാധാരണകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുവാന്‍ ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്


ബീജിങ്: ചൈനീസ് സൈന്യത്തിന്റെ കഴിവിനെ കുറിച്ച് എന്തെങ്കിലും മിഥ്യാധാരണകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുവാന്‍ ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. അതിര്‍ത്തികള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ വു ഖിയാന്‍ പറഞ്ഞു. ഇന്ത്യ സിക്കിം ഡോക്കല മേഖലയില്‍ നടത്തുന്ന സൈനിക വിന്യാസത്തെ ഉദ്ധരിച്ചാണ് വു ഖിയാന്‍ പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെയായിരുന്നു ചൈനീസ് വകുപ്പിന്റെ പത്രസമ്മേളനം.
ചൈനയുടെ പരമാധികാരവും അതിര്‍ത്തിയും കാക്കുന്ന കാര്യത്തില്‍ ഞങ്ങളെപ്പോഴും ശക്തരാണ്. പര്‍വതം ഇളകിയാലും ചൈനീസ് ആര്‍മിയെ ഇളക്കാന്‍ കഴിയില്ലെന്നും വു ഖിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിക്കിമിലെ ഡോക്കലാമിലുള്ള ഇന്ത്യയുടെ സൈനികവിന്യാസത്തിലാണ് ചൈന മുന്നറിയിപ്പ് നല്‍കിയത്. ചൈനയുടെ ഡോങ്‌ലാങ് പ്രദേശത്തേക്ക് ഇന്ത്യന്‍ സൈനികര്‍ ജൂണില്‍ കടന്നെന്നും അവിടെ നടന്നുവന്നിരുന്ന റോഡ് നിര്‍മാണം തടഞ്ഞെന്നും ചൈന ആരോപിച്ചു.
ഡോക്ക ലാ എന്നു ചൈന വിളിക്കുന്ന ഈ പ്രദേശം ഭൂട്ടാന്റെ കീഴില്‍ വരുന്നതാണ്. ഭൂട്ടാനും ഇന്ത്യയും ഇതിനെ ഡോക്ലാം എന്നാണ് വിളിക്കുന്നത്. അതിര്‍ത്തി മേഖലകളിലെ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്നാണ് ഇന്ത്യ ഈ പ്രദേശത്ത് സൈനിക വിന്യാസം വര്‍ധിപ്പിച്ചത്. ഇരു രാജ്യങ്ങളും സംയുക്തമായി സൈന്യത്തെ പിന്‍വലിക്കണമെന്ന് കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നിര്‍ദേശിച്ചിരുന്നു.
ഡോക്കലാം ചൈനയുടെ അതിര്‍ത്തിയാണ്. അവിടേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം അന്താരാഷ്ട്ര നിയമലംഘനമാണെന്നും ഇന്ത്യ തെറ്റ് തിരുത്തണമെന്നും അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ പ്രകോപനപരമായ തീരുമാനങ്ങള്‍ ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

Post A Comment: