കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ കമാന്‍ഡര്‍ ബാഷിര്‍ ലഷ്‌കരിയും അസാദ് മാലിക്കുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തലയ്ക്ക് പത്തുലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരനാണ് ബാഷിര്‍.

വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ വെടിവയ്പ്പിനിടെ സ്ത്രീ ഉള്‍പ്പെടെ രണ്ടു പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായി. 17 പ്രദേശവാസികളെ സുരക്ഷിതമായി മാറ്റി.
കഴിഞ്ഞ ദിവസം അനന്ത്‌നാഗില്‍ പൊലീസ് വാഹനവ്യൂഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്‍ ബാഷിര്‍ ലഷ്‌കരിയാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. കശ്മീരി പൊലീസ് ഉദ്യോഗസ്ഥന്‍ ഫെറോസ് അഹമ്മദ് ധര്‍ ഉള്‍പ്പെടെ ഏഴു പേരാണ് അന്ന് വീരമൃത്യുവരിച്ചത്. ഭീകരര്‍ ബട്‌പോറ ഗ്രാമത്തിലെ ഒരു വീട്ടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. രഹസ്യവിവരം ലഭിച്ച സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മുതിര്‍ന്ന ലഷ്‌കര്‍ ഭീകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന വിവരമാണു സുരക്ഷാ സേനയ്ക്കു ലഭിച്ചത്. ഇതേത്തുടര്‍ന്ന് ബ്രെന്റി ബട്ട്‌പോറ മേഖലയില്‍ പുലര്‍ച്ചെത്തന്നെ സേന പരിശോധന ആരംഭിച്ചിരുന്നു. പ്രദേശത്തെ ചിലരെ ഭീകരര്‍ മനുഷ്യകവചമാക്കിയും ഭീകരര്‍ ഉപയോഗിച്ചു.

Post A Comment: