40,000 വൃക്ഷങ്ങള്‍ ഉള്‍പ്പെടെ 10 ലക്ഷം സസ്യങ്ങളുമായി


ബീജിംങ്: ഒരിക്കലും പുകപടലം അടങ്ങാതെ അന്തരീക്ഷം നിരന്തരം മലിനമാകുന്ന ചൈനയിലെ ബീജിംങ് നഗരം നേരിടുന്ന അപവാദം ചൈനയെ നന്നേ വിഷമിപ്പിച്ചിരുന്നു. പാരീസിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ ഒപ്പു വെയ്ക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയപ്പോള്‍ ഭൂമിയുടെ ഭാവിയോര്‍ത്ത് ആശങ്കപ്പെട്ടവരും ഏറെ. എന്നാല്‍ ഇതിന്റെ മറുവശമായി ശുഭകരമായ ചില വാര്‍ത്തകള്‍ ചൈനയില്‍ നിന്നും തന്നെ വരുന്നു. കെട്ടിടങ്ങളും വാഹനങ്ങളും റെയില്‍വെ ഉള്‍പ്പെടെ നഗരത്തിന്റെസൗകര്യങ്ങള്‍ പച്ചപ്പിന്റെ മറവില്‍ സൃഷ്ടിക്കുന്ന ലോകത്തെ ആദ്യ വന നഗരത്തിന് തയ്യാറാകുകയാണ് ചൈന.
നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും കാടിന്റെ പച്ചപ്പും ഒരു പോലെ പരിപാലിക്കുന്ന ഇടം എന്നതാണ് ചൈന ഉദ്ദേശിക്കുന്നത്. ലിയൂസു, ഗുവാന്‍സി പ്രവിശ്യകളില്‍ ഇത്തരമൊരു പുതു നഗരത്തിന് ചൈന നടപടി തുടങ്ങിക്കഴിഞ്ഞു. വെര്‍ട്ടിക്കല്‍ സ്‌കൈ സ്‌ക്രാപ്പര്‍ രണ്ടെണ്ണം ഡിസൈന്‍ ചെയ്ത സ്‌റ്റെഫാനോ ബോറിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധര്‍ പണിയുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഈ വനനഗരത്തില്‍ 40,000 മരങ്ങള്‍ ഉള്‍പ്പെടെ പത്തുലക്ഷം ചെടികള്‍ വളര്‍ത്താനാണ് ചൈന ആലോചിക്കുന്നത്. സാധാരണ സ്ഥലങ്ങള്‍ക്കൊപ്പം എല്ലാ കെട്ടിടങ്ങളുടെയും മുഖഭാഗത്ത് പച്ചപ്പ് കൊണ്ടു വരികയാണ് ലക്ഷ്യം. നിലവിലുള്ള ലിയൂസു നഗരത്തെയും പുതിയതായി വരുന്ന ലിയൂസു വനനഗരത്തെയും ബന്ധിപ്പിക്കാന്‍ അന്തരീക്ഷത്തെ മലിനീകരിക്കാത്ത വൈദ്യൂത ട്രെയിനുകളും കാറുകളും മാത്രം ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതില്‍ 30,000 പേര്‍ക്ക് താമസിക്കാവുന്ന വീടുകള്‍ സ്‌കൂളുകള്‍ രണ്ടു ഹോസ്പിറ്റലുകള്‍ എന്നിവയും ഉണ്ടാകും. നഗരത്തിനുള്ള വൈദ്യൂതി ജിയോ തെര്‍മ്മല്‍, സൗരോര്‍ജ്ജ സംവിധാനത്താല്‍ തനിയെ ഉണ്ടാക്കാനാണ് ഉദ്ദേശം. 2020 ല്‍ വന നഗരം പൂര്‍ത്തീകരിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. പത്തുലക്ഷം സസ്യങ്ങള്‍ വരുന്നതോടെ 10,000 ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വലിച്ചെടുക്കപ്പെടുമെന്ന് കണക്കാക്കുന്നു. നിലവില്‍ വര്‍ഷം 57 ടണ്‍ മലീനീകരണമാണ് നടക്കുന്നത്. ഏകദേശം 900 ടണ്‍ ഓക്‌സിജന്‍ മാത്രമാണ് നിലവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.


Post A Comment: