റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ (നാലാം തലമുറ) യുദ്ധവിമാനമായ മിഗ്-35 ഉടന്‍ ഇന്ത്യയിലെത്തും

മോസ്‌കോ: റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ (നാലാം തലമുറ) യുദ്ധവിമാനമായ മിഗ്-35 ഉടന്‍ ഇന്ത്യയിലെത്തും. മിഗ്-35 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു വില്‍ക്കാന്‍ മിഗ് കോര്‍പ്പറേഷന്‍ താല്‍പര്യം പ്രകടിപ്പിച്ചു. മിഗ് കോര്‍പറേഷന്റെ സിഇഒ ഇല്യ തരാസെന്‍കോ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് റഷ്യ മിഗ്-35 വിമാനങ്ങള്‍ അവതരിപ്പിച്ചത്. മിഗ്-35 വില്‍ക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെ വ്യോമസേനയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായും ടെന്‍ഡര്‍ സമര്‍പ്പിച്ചതായും സിഇഒ വ്യക്തമാക്കി. ഇന്ത്യയ്ക്കു വേണ്ടി നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് ആവശ്യങ്ങളെക്കുറിച്ച് ധാരണ കിട്ടേണ്ടതുണ്ടെന്നും ആ തരത്തിലുള്ള ചര്‍ച്ചകളാണു നടക്കുന്നതെന്നും താരാസെന്‍കോ പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധത്തിന് 50 വര്‍ഷത്തെ ചരിത്രമുണ്ടെന്നും എപ്പോഴും പുതിയ വിമാനം അവതരിപ്പിക്കുമ്പോള്‍ മിഗ് ആദ്യം പരിഗണിക്കുന്ന രാജ്യം ഇന്ത്യയാണെന്നും സിഇഒ വ്യക്തമാക്കി. ഇപ്പോള്‍ വിലയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ലെന്നും മിഗ്-35ന്റെ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ചാണ് ആശയവിനിമയം നടക്കുന്നതെന്നും മിഗ് കോര്‍പറേഷന്‍ സിഇഒ പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ ലോക്ഹീല്‍ഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്ന എഫ്-35 വിമാനങ്ങളെ മറികടക്കുന്നതാണ് മിഗ്-35 എന്നാണ് കമ്പനിയുടെ അവകാശവാദം. മിഗ് 35ന്റെ ഒരു യൂണിറ്റിന് ഏതാണ്ട് 2600 കോടി രൂപ ചെലവ് വരുമെന്നാണു കണക്കാക്കുന്നത്. നാല്‍പ്പതു വര്‍ഷത്തേക്കുള്ള പരിപാലനം, വിമാനത്തിന് ആവശ്യമായ പരിശീലനം തുടങ്ങിയ കാര്യങ്ങളില്‍ കമ്പനി വ്യോമസേനയ്ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

Post A Comment: