കനൽവഴികൾ താണ്ടുന്ന പ്രിയതമന്റെ തണലിൽ, എന്നാൽ വ്യക്തമായ നിലപാടുകളുള്ള സ്ത്രീത്വമായിരുന്നു ശാരദ ടീച്ചറുടേത്

കൊടുങ്ങല്ലൂർ: വാക്കുകൾ കൊണ്ട് ആഗ്നേയാസ്ത്രം തീർത്ത പ്രൊഫ: എം.എൻവിജയന്റെ പിൻബലം, മാഷിന്റെ വില മതിക്കാനാകാത്ത പുസ്തക ശേഖരത്തിന്റെ കാവൽക്കാരി, കരുണയിലെത്തുന്നവർക്ക് ചിരിച്ച മുഖത്തോടെ വെച്ചുവിളമ്പി നൽകിയ വീട്ടമ്മ, അതായിരുന്നു ശാരദ ടീച്ചർ.
1957 ൽ വിജയൻ മാഷുടെ കൈ പിടിച്ച് തീഷ്ണ ചിന്തകളുടെ ലോകത്തേക്ക് ചുവടു വെച്ച നല്ല പകുതി ഒരിക്കലും അരങ്ങിലെത്താൻ ആഗ്രഹിച്ചിരുന്നില്ല.എന്നാൽ പ്രൊഫ: എം എൻ വിജയന്റെ നാവിന് മൂർച്ച കൂട്ടിയ പല വിഷയങ്ങളുടെയും പ്രാഥമിക ചർച്ചയിൽ പങ്കെടുത്ത ഏക അംഗം ശാരദ ടീച്ചറായിരുന്നു.
ചെന്നൈവാസത്തിനിടയിൽ ഏതാനും നാളുകൾ മാത്രം കോളേജ് അദ്ധ്യാപികയായി ജോലി ചെയ്ത ശാരദ ടീച്ചർ നല്ല വായനക്കാരിയായിരുന്നു. മാഷുടെ രചനകളുടെ ആദ്യ വായനക്കാരിയായിരുന്നു ടീച്ചറെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല.
കണ്ണൂരിലായാലും ശരി, കൊടുങ്ങല്ലൂരിലായാലും ശരി കരുണയുടെ പടികടന്നെത്തുന്നവർക്ക് മുന്നിൽ നല്ലൊരു ആതിഥേയ യായിരുന്നു എന്നും ശാരദ ടീച്ചർ.
കനൽവഴികൾ താണ്ടുന്ന പ്രിയതമന്റെ തണലിൽ, എന്നാൽ വ്യക്തമായ നിലപാടുകളുള്ള സ്ത്രീത്വമായിരുന്നു ശാരദ ടീച്ചറുടേത്.
അഞ്ച് പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിനൊടുവിൽ വിജയൻ മാഷ് ആകസ്മികമായി വിടവാങ്ങും വരെ ടീച്ചറില്ലാതെ ഒരു ദിവസമുണ്ടായിരുന്നില്ല. ഇടക്കാലത്ത് വിജയൻ മാഷിന് ഡോക്ടർ ശബ്ദ നിയന്ത്രണം നിർദ്ദേശിച്ചപ്പോൾ വീട്ടിലെത്തുന്നവർക്ക് മുന്നിൽ മാഷിന്റെ നാവായിരുന്നു അവർ.
മാഷുടെ നിര്യാണത്തിന് ശേഷവും വർഷങ്ങളോളം കരുണയിൽ തന്നെ കഴിഞ്ഞ ടീച്ചറെ മക്കൾ നിർബ്ബന്ധിച്ചാണ് കൂട്ടിക്കൊണ്ടുപോയത്.
കരുണയിലെ നിലവിളക്കണയുമ്പോൾ ,പ്രൊഫ: എം.എൻ വിജയൻ എന്ന തിളയ്ക്കുന്ന ചിന്തയുടെ ഓർമ്മകൾക്കൊപ്പം ചേർത്തെഴുതപ്പെടുകയാണ് ശാരദ എന്ന പേര്.

Post A Comment: