രണ്ടു യുഎസ് ബോംബര്‍ വിമാനങ്ങള്‍ വ്യാഴാഴ്ചയാണു തര്‍ക്കപ്രദേശത്തിനു മുകളിലൂടെ പറന്നത്. യുഎസ് വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്.ടോക്കിയോ: വിവാദ പ്രദേശമായ ദക്ഷിണ ചൈനാ കടല്‍ ചൈനയുടെ സ്വന്തമല്ലെന്ന്ആവര്‍ത്തിച്ചു വ്യക്തമാക്കി. വിവാദ മേഖലയ്ക്കു മുകളിലൂടെ വീണ്ടും യുഎസ് ബോംബര്‍ വിമാനങ്ങള്‍ പറന്നു. ദക്ഷിണ ചൈനാ കടലില്‍ രാജ്യാന്തര സമൂഹത്തിനുള്ള അവകാശവാദം ഉറപ്പിക്കുന്നതിന്റെ ഭാഗമായി, രണ്ടു യുഎസ് ബോംബര്‍ വിമാനങ്ങള്‍ വ്യാഴാഴ്ചയാണു തര്‍ക്കപ്രദേശത്തിനു മുകളിലൂടെ പറന്നത്. യുഎസ് വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്.
ദക്ഷിണ ചൈനാ കടലിനു സമീപമുള്ള കിഴക്കന്‍ ചൈനാ കടലില്‍ ജപ്പാന്റെ യുദ്ധവിമാനങ്ങള്‍ക്കൊപ്പം നടത്തിയ സംയുക്ത അഭ്യാസത്തിനു ശേഷമാണ് യുഎസ് വിമാനങ്ങള്‍ തര്‍ക്കപ്രദേശത്ത് പ്രവേശിച്ചത്. ഇതാദ്യമായാണ് കിഴക്കന്‍ ചൈനാ കടലില്‍ യുഎസ് ജപ്പാന്‍ യുദ്ധവിമാനങ്ങള്‍ രാത്രികാല ഡ്രില്‍ നടത്തുന്നത്. അതേസമയം, ഉത്തര കൊറിയയുമായുള്ള സംഘര്‍ഷം വീണ്ടും കടുത്തതിനു പിന്നാലെയാണു ദക്ഷിണ ചൈനാ കടല്‍ ലക്ഷ്യമിട്ടുള്ള യുഎസ് നീക്കമെന്നതു ശ്രദ്ധേയമാണ്. അമേരിക്കയെ വരെ ഒറ്റനോട്ടത്തില്‍ ലക്ഷ്യമിടാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. അലാസ്‌ക വരെ എത്താന്‍ ശേഷിയുള്ളതാണു മിസൈല്‍ എന്നു യുഎസ് സ്ഥിരീകരിക്കുകയും ചെയ്തു.
ദക്ഷിണ ചൈനാക്കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ വരുതിയിലാണെന്നും ഇവിടത്തെ ദ്വീപുകള്‍ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ എതിര്‍ക്കുന്നതാണ് ഇവിടെ സംഘര്‍ഷം മുറുകാന്‍ കാരണം. വന്‍തോതില്‍ എണ്ണ, വാതക നിക്ഷേപമുള്ളതാണ് ഈ മേഖല. വിലപിടിച്ച വ്യാപാരപാത കൂടിയായ ഇവിടെ, കപ്പല്‍മുഖാന്തരമുള്ള പ്രതിവര്‍ഷ വ്യാപാരം അഞ്ചുലക്ഷം കോടി ഡോളറിന്റേതാണ്. അതേസമയം, തര്‍ക്കമേഖലയിലെ ദ്വീപുകളില്‍ സൈനിക സംവിധാനങ്ങള്‍ കെട്ടിപ്പടുത്തുവരികയാണു ചൈന ഇപ്പോള്‍.

Post A Comment: