67 ശതമാനം പേർ ചികിൽസയ്ക്കായി ആശ്രയിക്കുന്നത് സ്വകാര്യമേഖലയെയാണ്തിരുവനന്തപുരം: കേരളം പനിച്ചൂടിൽ വിറയ്ക്കുന്ന ഈ സമയത്ത് പണിമുടക്ക് നടത്തി രോഗികളെ കൊല്ലരുതെന്ന് നഴ്സുമാരോട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അതൊരു ക്രിമിനൽ കുറ്റമായിരിക്കും. തൊഴിൽ വകുപ്പ് തൊഴിൽ നിയമം അനുസരിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. പെട്ടെന്ന് തന്നെ തീരുമാനം ഉണ്ടാകും. തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കു വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നഴ്സുമാരുടെ പ്രശ്നവും സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു
സ്വാശ്രയ സ്വകാര്യ ആരോഗ്യ മേഖല വലിയ രീതിയിൽ വളർന്നു കഴിഞ്ഞു. 67 ശതമാനം പേർ ചികിൽസയ്ക്കായി ആശ്രയിക്കുന്നത് സ്വകാര്യമേഖലയെയാണ്. അതിനാൽ സ്വകാര്യ മേഖലയിലെ ആശുപത്രികളെ പൂട്ടിയിടാൻ ആവില്ല. സർക്കാർ മേഖലയിൽ ഒരുപാട് പോരായ്മകളുണ്ട്. താലൂക്ക് ആശുപത്രിയെന്ന ബോർഡുണ്ട്. എന്നാൽ താലൂക്ക് ആശുപത്രിക്കാവശ്യമായ സ്റ്റാഫ് പാറ്റേൺ ഇല്ല. ആവശ്യത്തിന് ഉപകരണങ്ങളില്ല. പിന്നെ എങ്ങനെയാണ് ജനങ്ങളോട് താലൂക്ക് ആശുപത്രികളിലേക്ക് വരാൻ പറയുക. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകളുടെ ക്യൂവാണെന്നും അവർ പറഞ്ഞു
സ്വകാര്യ മേഖല വളരുന്നതിനൊപ്പം അവിടെ ചൂഷണവും വർധിക്കുന്നുണ്ട്. താങ്ങാനാവാത്ത ചികിൽസാ ചെലവാണ്. ജീവനക്കാർക്ക് തുച്ഛമായ ശമ്പളമാണ് നൽകുന്നത്. എന്നാൽ എല്ലാ സ്ഥാപനങ്ങളെയും ഒരേ തട്ടിൽ പെടുത്താനാവില്ല. ചാരിറ്റി ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവയുമുണ്ട്. സ്വകാര്യ മേഖലയിലെ ചൂഷണം തടയാൻ ആരോഗ്യ വകുപ്പ് ചില നടപടികൾ സ്വീകരിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ക്ലിനിക്കിൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ. ഇതു പ്രാവർത്തികമാകുന്നതോടെ സ്വകാര്യ ആശുപത്രികളുടെ റജിസ്ട്രേഷൻ നിയന്ത്രണം ഉൾപ്പെടെയുളളവ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു
നമ്മുടെ രാജ്യത്ത് തൊഴിൽ നിയമം ഉണ്ട്. അതനുസരിച്ച് തൊഴിലാളികൾക്ക് മിനിമം വേതനം കൊടുക്കണമെന്നുണ്ട്. ഈ ആക്ട് അനുസരിച്ച് സ്വകാര്യ മേഖലയിലെ നഴ്സുമാർക്ക് മിനിമം വേതനം നൽകണം. അതിനുളള ചർച്ചകളാണ് തൊഴിൽവകുപ്പ് നടത്തുന്നത്. ഇക്കാര്യം നഴ്സുമാരെ അറിയിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു
അതേസമയം, ശമ്പള വർധനവ് ആവശ്യപ്പെട്ടുകൊണ്ടു നഴ്സുമാരുടെ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷനും (ഐഎൻഎ) യുണൈറ്റഡ് നഴ്സസ് അസോസിയേഷനും(യുഎൻഎ) നിരാഹാരസമരം തുടരുകയാണ്. പ്രശ്നത്തിൽ പരിഹാരമുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടു പോകാനാണ് യുഎൻഐ തീരുമാനം
അതിനിടെ, ഐഎൻഎ പണിമുടക്കും ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ അഞ്ചു സ്വകാര്യ ആശുപത്രികളിലാണ് സമരം തുടങ്ങിയത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിതകാലപണിമുടക്ക് തുടങ്ങിയത്. മറ്റു ജില്ലകളിലെ ആശുപത്രികളിലും ഐഎൻഎ സമരത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ സമരം ആരംഭിക്കാനാണ് ഐഎൻഎ തീരുമാനം. പ്രശ്നം ഒത്തുതീർപ്പായില്ലെങ്കിൽ ജൂലൈ 11 നു സംസ്ഥാന വ്യാപകമായി സൂചന പണിമുടക്കു നടത്തുമെന്ന് യുഎൻഎ അറിയിച്ചിട്ടുണ്ട്.
                                

Post A Comment: