കണ്ടെത്തുന്ന മാംസം പശുവിന്റേത് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിന്

മുംബൈ: പശുക്കളെ കൊല്ലുന്നതും മാംസം വില്‍പന നടത്തുന്നതും നിരോധിക്കപ്പെട്ട മഹാരാഷ്ട്രയില്‍ പോലീസിന്റെ പണി എളുപ്പമാക്കാന്‍ പുതിയ സംവിധാനം വരുന്നു. പരിശോധനകള്‍ക്കിടയില്‍ കണ്ടെത്തുന്ന മാംസം പശുവിന്റേത് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിന് ഇനി മഹാരാഷ്ട്ര പോലീസിന്റെ കൈയ്യില്‍ പ്രത്യേക സജ്ജീകരണങ്ങളുള്ള കിറ്റുകളുണ്ടാകും. പശു മാംസം സംബന്ധിച്ച് ഉണ്ടാകുന്ന ആശയക്കുഴപ്പം രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം രംഗത്തിറക്കുന്നത്.
30 മിനിറ്റിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകുന്ന ഉപകരണങ്ങളാണ് പോലീസിന് നല്‍കുന്ന പ്രത്യേക കിറ്റിലുണ്ടാകുക. ഓരോ കിറ്റും ഉപയോഗിച്ച് 100 സാമ്പിളുകള്‍ വരെ പരിശോധിക്കാമെന്ന് മഹാരാഷ്ട്ര പോലീസിനെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനധികൃതമായി സൂക്ഷിച്ച മാംസം പിടിച്ചെടുത്താല്‍ ഈ ഉപകരണം ഉപയോഗിച്ച് പരിശോധിക്കുകയും മാസം പശുവിന്റേത് തന്നെയാണെന്ന് വ്യക്തമായാല്‍ പിന്നീട് ഡിഎന്‍എ പരിശോധനകള്‍ക്കായി അയയ്ക്കുകയും ചെയ്യും.
പശുമാംസമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും കുറ്റക്കാര്‍ക്കെതിരെ വേഗത്തില്‍ നടപടി സ്വീകരിക്കാനും ഇതുമൂലം സാധിക്കും. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രഥമിക പരിശോധന സാധ്യമാകുന്നതിനാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാകും. ആദ്യഘട്ടത്തില്‍ മുംബൈ, പുണെ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ പോലീസുകാര്‍ക്കാകും ഈ സൗകര്യം ലഭ്യമാകുക. തുടര്‍ന്ന് നാസിക്, ഔറംഗബാദ് തുടങ്ങി മറ്റിടങ്ങളിലും ഇത് ലഭ്യമാകും.
രണ്ടു വര്‍ഷം മുന്‍പാണ് പശുക്കളെ കശാപ്പ് ചെയ്യുന്നതും മാംസം ഉപയോഗിക്കുന്നതും പൂര്‍ണമായും നിരോധിച്ചുകൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ മൃഗസംരക്ഷണ നിയമം പരിഷ്‌കരിച്ചത്.

Post A Comment: