മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ബി.ജെ.പി നേതാക്കള്‍ വന്‍ തുക കോഴവാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
നെയ്യാറ്റിന്‍കര, പാലക്കാട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ബി.ജെ.പി നേതാക്കള്‍ വന്‍ തുക കോഴവാങ്ങിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷനാണ് നേതാക്കള്‍ കോഴ വാങ്ങിയതായി റിപ്പോര്‍ട്ട് നല്‍കിയത്.
ഇടപാടില്‍ രണ്ടു സംസ്ഥാന നേതാക്കള്‍ 5 കോടി 60 ലക്ഷം രൂപ വാങ്ങിയതായി അന്വേഷണ കമ്മിഷനു മുമ്പില്‍ സമ്മതിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പണം നല്‍കിയെന്നു വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ഷാജി സമ്മതിച്ചതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.  പണം കുഴല്‍പണമായാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനാണ് പണം നല്‍കിയതെന്നും പണം വാങ്ങിയതായി വിനോദ് സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സതീഷ് നായര്‍ എന്ന ഇടനിലക്കാരനു നല്‍കാന്‍ വേണ്ടിയാണ് പണം വാങ്ങിയത്.
പാലക്കാട്‌ ചെര്‍പ്പുളശ്ശേരിയില്‍ തുടങ്ങുന്ന മറ്റൊരു മെഡിക്കല്‍ കോളേജിനായി നടന്ന ഇടപാടില്‍ എം.ടി രമേശിനും പങ്കുണ്ടെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ബി.ജെ.പി നേതാക്കളായ കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പ്പെടുന്ന കമ്മീഷനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിക്കും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്.

Post A Comment: