അത്യാധുനിക രീതിയിലുള്ള വിവിധ ആയുധങ്ങള്‍, 20000 ആയുധധാരികള്‍ തുടങ്ങി ഒട്ടനവധി സംവിധാനങ്ങളുമായാണ് സൈനിക ബേസ് പ്രവര്‍ത്തിക്കുന്നത്

റിയാദ്: മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ സൈനിക കേന്ദ്രം ഈജിപ്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പടിഞ്ഞാറന്‍ ഈജിപ്തിലെ മത് റൂഹ് പ്രവിശ്യയിലാണ് മുഹമ്മദ് നജീബ് മിലിട്ടറി ക്യാംപ് പ്രവര്‍ത്തനം ആരംഭിച്ചത്. മേഖലയിലെ സുരക്ഷക്ക് ഏറ്റവും ശക്തമായ നീക്കമായാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഈ മിലിട്ടറി ക്യാംപിനെ കാണുന്നത്.
ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി തന്നെയാണ് മിലിട്ടറി ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മക്ക ഗവര്‍ണറും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ്,ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, കുവൈത് പ്രതിരോധ മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് തുടങ്ങിയ മിഡില്‍ ഈസ്റ്റിലെ പ്രമുഖ രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പുതിയ സൈനിക ക്യാംപ് തുറന്നത്.
അത്യാധുനിക രീതിയിലുള്ള വിവിധ ആയുധങ്ങള്‍, 20000 ആയുധധാരികള്‍ തുടങ്ങി ഒട്ടനവധി സംവിധാനങ്ങളുമായാണ് സൈനിക ബേസ് പ്രവര്‍ത്തിക്കുന്നത്. ലിബിയ, ദബയിലെ ആണവ റിയാക്ടറില്‍ നിന്നുള്ള പ്രതിരോധം തുടങ്ങിയവ പ്രധാന ലക്ഷ്യങ്ങളാണ്. ഉദ്ഘാടന പരിപാടികളോടനുബന്ധിച്ചു സൈനിക പരേഡും അരങ്ങേറിയിരുന്നു.

Post A Comment: