ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലി മരിക്കുന്ന ഒരു ജനതയ്ക്ക് ബോധമുണരാന്‍ ഈ ഭൂമി തെളിയിച്ച ദീപനാളമായിരുന്നു ചെല്ലമ്മ അന്തര്‍ജനവും റസിയയും തമ്മിലുള്ള ബന്ധം.


 

പെറ്റുവളര്‍ത്തി വലുതാക്കിയ വൃദ്ധ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും ക്ഷേത്രമുറ്റത്തും നടതള്ളുന്ന മക്കള്‍ വാര്‍ത്തയേ അല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പൊക്കിള്‍കൊടി 

ബന്ധത്തിന്റെ വൈകാരികതയോ  രക്തബന്ധത്തിന്റെ കണക്കുകളോ ഇല്ലാതെ അന്യമതസ്ഥയായ ഒരു അനാഥ വൃദ്ധയെ സ്വന്തം അമ്മയായിക്കണ്ട റസിയയുടെയും അവരെ മകളെപ്പോലെ സ്നേഹിച്ച അന്തര്‍ജനത്തിന്റെയും ജീവിതം അതിശയത്തോടെ നമ്മള്‍ കണ്ടു. പിന്നീട് ആ കഥ സിനിമയായും നമ്മുടെ മുന്നിലെത്തി.

ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലി മരിക്കുന്ന ഒരു ജനതയ്ക്ക് ബോധമുണരാന്‍ ഈ ഭൂമി തെളിയിച്ച ദീപനാളമായിരുന്നു ചെല്ലമ്മ അന്തര്‍ജനവും റസിയയും തമ്മിലുള്ള ബന്ധം.

അമ്പലപ്പുഴ നീക്കുന്നം മാധവമുക്കിലെ റയില്‍‌വേ പാളത്തിനരികില്‍ കൈയില്‍ ഒരു തകരപ്പെട്ടിയുമായി എഴുപത്തഞ്ചു വയസ്സുള്ള ചെല്ലമ്മ അന്തര്‍ജനം, അഞ്ചുമണിക്കു വരാനുള്ള തീവണ്ടി കാത്തു നിന്നത് അതില്‍ കയറി യാത്ര ചെയ്യാനായിരുന്നില്ല. വണ്ടി വരുമ്പോള്‍ അതിനു മുന്നിലേയ്ക്ക് ചാടി ജീവിതയാത്ര അവസാനിപ്പിക്കാനായിരുന്നു. 

അത്രയൊന്നും സാമ്പത്തികഭദ്രതയില്ലാത്ത ഇല്ലങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് മോഹങ്ങളൊന്നും  പുറത്താരോടും മിണ്ടാന്‍ കഴിയുമായിരുന്നില്ല. മറ്റാരും കാണാതെ വല്ലപ്പോഴും ഉള്ളിലെ മോഹങ്ങളെ പുറത്തെടുത്ത് താലോലിച്ച് മനോരാജ്യങ്ങളില്‍ മുഴുകാനും ഇരുളില്‍ വിധിയെ പഴിച്ച് നിശ്ശബ്ദം കണ്ണീരൊഴുക്കുവാനുമേ സാധിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെയാണ് മറ്റൊരില്ലത്തുനിന്നും ബുദ്ധിമാന്ദ്യമുള്ള ഒരാളിന്റെ വിവാഹാലോചന വന്നപ്പോള്‍ ചെല്ലമ്മയ്ക്ക് നിസ്സഹായയായി കഴുത്തു നീട്ടി കൊടുക്കേണ്ടിവന്നത്. 

വേളി കഴിഞ്ഞ് അഞ്ചുവര്‍ഷം  തികയുന്നതിനു മുന്‍പുതന്നെ ഭര്‍ത്താവ് മരിച്ചു. കുട്ടികളില്ലാത്തതുകൊണ്ട് ആ വീട്ടില്‍ പിന്നീട് അവര്‍ ഒരധികപ്പറ്റായി.  അതിനു ശേഷമാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ വീട്ടില്‍ സഹായിയായി കൂടിയത്.
ഒടുവില്‍ പണിചെയ്ത് ജീവിക്കാന്‍ വാര്‍ദ്ധക്യം അനുവദിക്കാതായപ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകാതിരിക്കാന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി.
അന്നന്നുള്ള അന്നത്തിനു പോലും നിവര്‍ത്തിയില്ലാതായപ്പോള്‍ വെറും വെള്ളം മാത്രം കുടിച്ച് വിശപ്പടക്കാന്‍ ശ്രമിച്ചു. എന്നിട്ടും ആരോടും ഇരക്കാനും ആരുടെ മുന്നിലും കൈ നീട്ടാനും ആ അമ്മ തയാറായില്ല.  ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത ഈ ജീവിതം ഇങ്ങനെ അങ്ങ് അവസാനിക്കട്ടെ എന്നു ഉറപ്പിച്ചാണ് റെയില്‍വേ പാളത്തിനരികില്‍ കാത്തു നിന്നത്.

അതുവഴി വന്ന റസിയാ ബീവി എന്ന സ്ത്രിയ്ക്ക് കയ്യില്‍ ഒരു പെട്ടിയുമായി പാളത്തിനരികിലുള്ള ഒരു വൃദ്ധയുടെ നില്‍പ്പില്‍ അസ്വാഭാവികത തോന്നി. അതുകൊണ്ടുതന്നെയാണ് അരികിലെത്തിയതും കാര്യങ്ങള്‍ അന്വേഷിച്ചതും. നിര്‍ബന്ധിച്ചപ്പോള്‍ അന്തര്‍ജനം തന്റെ കഥ പറഞ്ഞു. ആത്മഹത്യതന്നെയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

റസിയാ ബീവി ഒരു സാധാരണ വീട്ടമ്മയായിരുന്നു. നാലു മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിനു പുറത്തേക്കൊരു ലോകമുണ്ടെന്നും അവിടെ മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ കൊന്നു രസിക്കുന്നുണ്ടെന്നും അറിയുന്ന ഒരു സാധാരണ വീട്ടമ്മ. 
എങ്കിലും ചെല്ലമ്മ അന്തര്‍ജനത്തിന്റെ വാക്കുകള്‍ അവരെ വേദനിപ്പിച്ചു. തന്റെ മുന്നില്‍ നില്‍ക്കുന്നത് ഒരു ബ്രാഹ്മണ സ്ത്രീയാണെന്നൊന്നും അവര്‍ അപ്പോള്‍ ചിന്തിച്ചില്ല. ‍അവരുടെ കൈപിടിച്ച് റസിയ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ മരണം വരെയോ അല്ലെങ്കില്‍ അമ്മയുടെ മരണം വരെയോ താന്‍ അമ്മയെ പെറ്റമ്മയെപ്പോലെ സംരക്ഷിക്കുമെന്ന് റസിയ അമ്മയ്ക്ക് വാക്കു നല്‍കി. 
സസ്യഭുക്കായ അമ്മയ്ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സസ്യേതര ഭക്ഷണം വീട്ടില്‍ പാകം  ചെയ്യാതായി. 

പഞ്ചായത്തിന്റെ സഹായ പദ്ധതിയില്‍ അമ്മയ്ക്കായി രണ്ടു മുറികളുള്ള ഒരു വീട് റസിയ നിര്‍മ്മിച്ചു.
സ്വന്തം മകളെപ്പോലെ അമ്മയുടെ കാര്യങ്ങള്‍ റസിയാ ബീവി ചെയ്തുകൊടുത്തു. റസിയയ്ക്ക് അമ്മ പെറ്റമ്മതന്നെയായിരുന്നു. അമ്മയ്ക്ക് റസിയ സ്വന്തം മകളും.

ഇവരുടെ കഥ കേട്ടറിഞ്ഞ് സിനിമാ നടി കല്‍പ്പന ഇവരെ ചെന്നു കാണുകയും തന്റെ മരണം വരെയും മാസം ആയിരം രൂപ വച്ച് അമ്മയ്ക്ക് മുടങ്ങാതെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഒരു മാസം മുന്‍പ് ഒരു വീഴ്ചയെ തുടര്‍ന്ന് കാലിനു പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന അന്തര്‍ജനം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തി റസിയയോടൊപ്പം കഴിയുന്നതിനിടെയാണ് തൊണ്ണൂറ്റി നാലാം വയസ്സില്‍ അന്ത്യം സംഭവിച്ചത്. ഒന്നും രണ്ടും ദിവസങ്ങളോ മാസങ്ങളോ അല്ല, നീണ്ട രണ്ട് പതിറ്റാണ്ടുകാലമാണ് റസിയ ചെല്ലമ്മ അന്തര്‍ജനത്തെ പെറ്റമ്മയെപ്പോലെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തത്. റസിയ വാങ്ങി നല്‍കിയ രുദ്രാക്ഷമാലയായിരുന്നു ആ അമ്മയുടെ കഴുത്തില്‍ സദാസമയവും ഉണ്ടായിരുന്നത്, ഒരു മകളുടെ സ്നേഹത്തിന്റെ പ്രതീകം പോലെ.

ഹൈന്ദവാചാരപ്രകാരം തന്നെ അമ്മയുടെ സംസ്കാരം നടത്തിയ റസിയയെ കണ്ട് പെറ്റമ്മയെ സ്നേഹിക്കാത്ത മക്കള്‍ സ്വന്തം മനസാക്ഷിയോട് സംസാരിക്കട്ടെ. ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരബില്ലാതെ ജീവിച്ച ഇവരുടെ ജീവിതമാണ്‌ ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് എല്ലാവരും തിരിച്ചറിയട്ടെ..

Post A Comment: