ബൈക്കിലെത്തിയ രണ്ടംഗസംഘം കാറില്‍ യാത്ര ചെയ്തിരുന്ന ഗര്‍ഭിണിയടക്കമുള്ള കുടുംബത്തെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

 


ബൈക്കിലെത്തിയ രണ്ടംഗസംഘം കാറില്‍ യാത്ര ചെയ്തിരുന്ന ഗര്‍ഭിണിയടക്കമുള്ള കുടുംബത്തെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു.


വടക്കാഞ്ചേരി പാര്‍ളിക്കാട് വ്യാസ കോളജിന് സമീപം ഇന്നു പുലര്‍ച്ചെയാണ്  സംഭവം. പാലക്കാട് കൊപ്പം രാമനാഥപുരം പാഞ്ചജന്യത്തില്‍ വിനോദും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. അഞ്ചുമാസം ഗര്‍ഭിണായിയ ഭാര്യയും മൂന്നുവയസുകാരനായ മകനുമായിരുന്നു കാറില്‍ ഒപ്പമുണ്ടായിരുന്നത്.
എറണാകുളത്തെ പറവൂരിലെ ഭാര്യവീട്ടില്‍ നിന്നും പാലക്കാട്ടെ വീട്ടിലേക്ക് മടങ്ങും വഴി ഇന്നു പുലര്‍ച്ചെ കാറിന്റെ വൈപ്പര്‍ കേടായതിനെ തുടര്‍ന്ന് പാര്‍ളിക്കാട് ജംഗ്ഷനില്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു ആക്രമണം.
 നൈറ്റ് പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം ഇതുവഴി വന്നപ്പോള്‍ ഇവരെ കണ്ടിരുന്നു. കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് അന്വേഷിക്കുകയും ചെയ്തു
ഇതിനു പുറകെയാണ് രണ്ടംഗസംഘം ബൈക്കിലെത്തിയത്. കാര്‍ നന്നാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഇവര്‍ പെട്ടന്ന് ഇരുമ്പുവടിയുമായി എത്തി വിനോദിനെയും കുടുബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാറിലിരിക്കുകയായിരുന്ന വിനോദിന്റെ ഭാര്യയെ കാറിനു പുറത്തേക്ക് വലിച്ചിഴച്ചിട്ട് മാലയും കമ്മലും മോതിരവും കവരുകയും ചെയ്തു. വിനോദിനെയും കുട്ടിയേയും കമ്പിപ്പാരയുമായി ഭീഷണിപ്പെടുത്തി പേഴ്‌സിലുണ്ടായിരുന്ന 2,300 രൂപയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. ആകെ 29,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. നോര്‍ത്ത് പറവൂരിലെ ഭാര്യവീട്ടില്‍ നിന്നും പാലക്കാട്ടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിനോദും കുടുംബവും. വടക്കാഞ്ചേരി സിഐ സി.എസ്.സിനോജ്, എസഐ കെ.സി.രതീഷ്, എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്

Post A Comment: