ചികിത്സാനിഷേധം : യുവതി ഓട്ടോയില്‍ പ്രസവിച്ച സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.


ചികിത്സാനിഷേധം : യുവതി ഓട്ടോയില്‍ പ്രസവിച്ച സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

പ്രസവവേദനയുമായെത്തിയ ആദിവാസി യുവതിയുടെ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഓട്ടോയില്‍ പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.പഴയന്നൂര്‍ കുമ്പളക്കോട് മാട്ടിന്‍മുകള്‍ മലയ കോളനിയിലെ റെജീഷിന്‍റെ ഭാര്യ സുകന്യക്ക് പഴയന്നൂര്‍ വടക്കേത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നിന്നുമാണ് ദുരനുഭവം ഉണ്ടായത്.
തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് ജൂലൈ 21 ന് തൃശൂര്‍ റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ അന്വേഷണ റിപ്പോര്‍ട്ട്  സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.  പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടികളിലേക്ക് കടക്കുകയായിരുന്നു.ഓട്ടോയില്‍ പ്രസവിച്ച സുകന്യയുടെ കുഞ്ഞിന്‍റെ പൊക്കിള്‍കൊടി കറിക്കത്തികൊണ്ട് മുറിച്ചുമാറ്റുകയായിരുന്നു.  തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം.

പ്രസവവേദനയാണെന്നറിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ വാതില്‍ തുറന്നില്ലെന്ന് പത്രവാര്‍ത്തയില്‍ പറയുന്നു.  വേദനയില്‍ പുളഞ്ഞ സുകന്യയെ ആശുപത്രിയില്‍ കയറ്റി കിടത്താന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ല.  ഡോക്ടറുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദ്ദേശം.  എന്നാല്‍ 10 കിലോമീറ്റര്‍ അകലെയുള്ള ചേലക്കര ആശുപത്രിയില്‍ എത്തിക്കാന്‍ സാവകാശം ഉണ്ടായിരുന്നില്ല.  അതിനുള്ള പണവും ഉണ്ടായിരുന്നില്ല.  അങ്ങനെയാണ് തിരികെ വീട്ടിലേക്ക് മടങ്ങിയത്.  വീട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു ഓട്ടോയില്‍ പ്രസവം.  അമ്മയും കുഞ്ഞും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Post A Comment: