ന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം

കൊച്ചി: എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജന്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശനിയാഴ്ച രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു മരണം. ശശീന്ദ്രന്‍ എം.എല്‍.എ, പീതാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ പാലാക്കടുത്ത് കുറിച്ചിത്താനം സ്വദേശിയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്,എഫ്.സി.ഐ ഉപദേശക സമിതി ചെയര്‍മാന്‍,എന്‍.സി.പി സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിരുന്നു.
നര്‍മത്തില്‍ ചാലിച്ച പ്രസംഗത്തിലൂടെ ജനശ്രദ്ധ നേടിയ നേതാവായിരുന്നു. രാഷ്ട്രീയ എതിരാളികളെ തന്റെ സരസമായ ശൈലിയിലായിരുന്നു വിമര്‍ശിച്ചത്. എല്ലാ പാര്‍ട്ടികളോടും നേതാക്കളോടും സൗഹൃദം പുലര്‍ത്തിയ ജനപ്രിയ നേതാവായിരുന്നു ഉഴവൂര്‍ വിജയന്‍.
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹം കോണ്‍ഗ്രസ് പിളര്‍ന്ന സമയത്ത് ആന്റണി പക്ഷത്തായിരുന്നു. പിന്നീട് കോണ്‍ഗ്രസ് എസിലേക്ക് എത്തി. പിന്നീട് കോണ്‍ഗ്രസ് (എസ്)എന്‍.സി.പിയുമായി ലയിക്കുകയായിരുന്നു.
2001ല്‍ കെ.എം മാണിക്കെതിരേ പാലായില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒറ്റത്തവണ മാത്രമേ നിയമസഭയിലേക്ക് മത്സരിച്ചുള്ളൂ. കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനായി 1957ലായിരുന്നു ജനനം. വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന,വര്‍ഷ എന്നിവര്‍ മക്കളാണ്. രമണി ഏക സഹോദരി.

Post A Comment: