ടിബറ്റില്‍ ചൈനീസ് സേന സൈനികാഭ്യാസം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുബെയ്ജിങ്: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ടിബറ്റില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പടയൊരുക്കം. നിരവധി സൈനിക വാഹനങ്ങളും ഉപകരണങ്ങളും ടിബറ്റിലേക്കു മാറ്റിയതായി ചൈനയുടെ മാധ്യമം  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമ ടിബറ്റിലെ കുന്‍ലുന്‍ മലനിരകളുടെ ദക്ഷിണ ഭാഗത്തേയ്ക്ക് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെയാണ് ഇവ മാറ്റിയിരിക്കുന്നത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ കമാന്‍ഡാണ് സൈനിക നീക്കം നടത്തിയിരിക്കുന്നതെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സിന്‍ജിയാങ്, ടിബറ്റ് എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതും വെസ്റ്റേണ്‍ കമാന്‍ഡാണ്.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഇവ മാറ്റിയതെന്നു വ്യക്തമല്ല. ടിബറ്റില്‍ ചൈനീസ് സേന സൈനികാഭ്യാസം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിക്കിം മേഖലയില്‍ ദോക് ലായില്‍ ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുന്നതു തുടരുന്നതിനിടെയാണു വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) സൈനികാഭ്യാസം നടത്തിയത്. ദ്രുത സേനാ വിന്യാസം മുതല്‍ നവീന ആയുധങ്ങള്‍ വരെ അഭ്യാസത്തില്‍ ഉപയോഗിച്ചു. ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍(എല്‍എസി) കാവലുള്ള പിഎല്‍എ ടിബറ്റ് കമാന്‍ഡ് ആണ് അഭ്യാസത്തില്‍ പങ്കെടുത്തത്.
മൂന്നാഴ്ചയായി സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം തുടരുകയാണ്. ജൂണ്‍ 16ന് ദോക് ലായില്‍ ചൈനീസ് സേനയുടെ റോഡ് നിര്‍മാണം ഇന്ത്യന്‍ സേന തടഞ്ഞതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. തന്ത്രപ്രധാനമായ ദോക് ലാ മേഖലയില്‍ റോഡു നിര്‍മിക്കുന്നത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നാണ് വാദം. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാല്‍, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു പൂര്‍ണമായി വിച്ഛേദിക്കാന്‍ വരെ അവര്‍ക്കു സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post A Comment: