ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി.യു ചിത്രയ്ക്ക് അവസരം നഷ്ടപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.സി മൊയ്തീന്‍ രംഗത്ത്. പിടി ഉഷയുടെയും അഞ്ജു ബോബി ജോര്‍ജ്ജിന്റെയും പങ്ക് സംശയാസ്പദമെന്ന് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കി
തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി.യു ചിത്രയ്ക്ക് അവസരം നഷ്ടപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.സി മൊയ്തീന്‍ രംഗത്ത്. പിടി ഉഷയുടെയും അഞ്ജു ബോബി ജോര്‍ജ്ജിന്റെയും പങ്ക് സംശയാസ്പദമെന്ന് മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കി. പാലക്കാട്ടെ ചിത്രയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വളരെ ബോധപൂര്‍വ്വം ചിത്രയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. നേരത്തെ പറഞ്ഞത് ചിത്രയ്ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് യോഗ്യതയില്ലെന്നാണ്. എന്നാല്‍ ലോക മീറ്റിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിലാണ് ക്രമക്കേട് നടന്നതെന്നു മന്ത്രി എസി മൊയ്തീന്‍ ആരോപിച്ചു
പട്ടിക രഹസ്യമായാണ് തയ്യാറാക്കപ്പെട്ടത്. പട്ടിക അവസാന നിമിഷം പ്രസിദ്ധീകരിക്കുകയും ചെയ്തതിലൂടെ അപ്പീല്‍ നല്‍കാനുള്ള ന്യായമായ അവസരം പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു
ബോധപൂര്‍വ്വമായ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചത്. കേരളത്തില്‍ നിന്ന് മലയാളികള്‍ സെലക്ഷന്‍ കമ്മറ്റിയിലുണ്ടായിട്ടും അവര്‍ നീതി പുലര്‍ത്തിയിരുന്നെങ്കില്‍ ചിത്രയ്ക്ക അവസരം നഷ്ടപ്പെടില്ലായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പിടി ഉഷയെയും അഞ്ജു ബോബിജോര്‍ജ്ജിനെയും ഉദ്ദേശിച്ചാണ് മന്ത്രി ഇത്തരത്തില്‍ പറഞ്ഞത്
അതേ സമയം താന്‍ തളരില്ലെന്നും കേരളത്തില്‍ നിന്ന് ജോലി കിട്ടിയാല്‍ കുടുംബത്തിന് സഹായകമാകുമെന്നും ചിത്ര മാധ്യമങ്ങളോട് പറഞ്ഞു.ചിത്രയ്ക്ക് വിദേശ പരിശീലനവും സ്‌കോളര്‍ഷിപ്പും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Post A Comment: