രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം. വിന്‍സന്റ്


രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണ് താനെന്ന് പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം. വിന്‍സന്റ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള സമ്മര്‍ദ്ദമാണ് തന്റെ അറസ്റ്റിനു പിന്നിലെന്നും വിന്‍സെന്റ് പറഞ്ഞു.
വടക്കാഞ്ചേരി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിട്ടും സിപിഐഎം നേതാവിനെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്നുമുതല്‍ തുടങ്ങുകയാണെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും വിന്‍സന്റ് മാധ്യമങ്ങളോടു പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് വിന്‍സന്റിന്റെ പ്രതികരണം.
ഹസ്സന്‍ വിന്‍സന്റിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സനും അറസ്റ്റ് അസാധാരണ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കോടതി കുറ്റക്കാരനെന്ന് വിധിച്ചാലെ പാര്‍ട്ടി നടപടിയെടുക്കുകയുള്ളുവെന്നും കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹസന്‍ പ്രതികരിച്ചു. വിഷയം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നതെന്നും ഈ മാസം 25ന് ചേരുന്ന യുഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല ചങ്ങനാശേരിയില്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ വിന്‍സെന്റ് രാജിവച്ച് മാതൃക കാണിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. മുന്‍കാല പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ ഇത്തരമൊരു കുറ്റം ചെയ്യുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തിലും നിരപരാധിത്വം അദ്ദേഹം വിശദീകരിച്ചിരുന്നു. വിന്‍സന്റിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുന്നതിന് ശക്തമായി മുന്നോട്ടു പോകണമെന്നും ഷാനിമോള്‍ ആവശ്യപ്പെട്ടു.
വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് നേതാവും കോവളം എംഎൽഎയുമായ എം.വിൻസന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാലുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എംഎൽഎ ഹോസ്റ്റലിൽവച്ച് ചോദ്യം ചെയ്തശേഷം പേരൂർക്കട പൊലീസ് ക്ലബ്ബിലേക്ക് എത്താൻ എംഎൽഎയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ ഒരു സഹായിക്കൊപ്പം പൊലീസ് ക്ലബ്ബിലെത്തിയ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിൻസന്റിനെ എംഎൽഎ ഹോസ്റ്റലിൽ വച്ച് ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.40 നു തുടങ്ങിയ ചോദ്യം ചെയ്യൽ നാലു മണിക്കൂറോളം നീണ്ടുനിന്നു. പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. എംഎൽഎ വീട്ടമ്മയുമായി മാസങ്ങളായി ഫോണിൽ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
നേരത്തെ, എം.വിന്‍സന്റിനെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ എന്തു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഒാഫിസ് അറിയിച്ചു. കേസിൽ എംഎൽഎയെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ചുമതലുള്ള കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അജിതാ ബീഗം സ്പീക്കർ പി.ശ്രീരാമകൃഷ്ണനു കത്തു നൽകിയിരുന്നു.
എംഎൽഎ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടർന്നാണു ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന ഗൃഹനാഥന്റെ പരാതിയിലാണു കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎൽഎക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎൽഎ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാൻ നടത്തിയ ഫോൺ സംഭാഷണം പുറത്തായിട്ടുണ്ട്.
ഇതിനിടെ എം. വിന്‍സന്റ് എംഎല്‍എ തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ പറഞ്ഞു. ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്‍ കയറിവന്ന് എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറഞ്ഞു.
നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇത് പരിഹരിക്കുന്നതിനായി യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറി എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്തതതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്രയയക്കാന്‍ പോയിരിക്കുകയായിരുന്നു. അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലംപ്രയോഗിച്ച് കീഴ്പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്. ഇതിനുമുമ്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനുമെതിരെയുണ്ടായേക്കാവുന്ന പ്രതികാര നടപടികള്‍ ഭയന്നാണ് പരാതിപ്പെടാന്‍ തയാറാവാതിരുന്നതെന്നും യുവതി പറയുന്നു.
എംഎല്‍എ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്താനും യുവതിയോട് വിന്‍സന്റ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തി. ഗത്യന്തരമില്ലാതായതോടെ ഭര്‍ത്താവിനോടും അടുത്ത ബന്ധുക്കളോടും ഇക്കാര്യം വെളിപ്പെടുത്തി. ഭര്‍ത്താവുമൊന്നിച്ച് എംഎല്‍എയുടെ വസതിയിലെത്തി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. എംഎല്‍എയുടെ ഭാര്യയും ഈസമയം വീട്ടിലുണ്ടായിരുന്നു. ഉപദ്രവിക്കില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും ശല്യം തുടര്‍ന്നു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വെളിപ്പെടുത്തല്‍. യുവതിയെ വെള്ളിയാഴ്ച നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഭര്‍ത്താവ്, സഹോദരന്‍, മറ്റു ചില സാക്ഷികള്‍ എന്നിവരുടെ മൊഴി വീണ്ടും എടുത്തു.  യുവതിയുടെ വസ്ത്രങ്ങളും മറ്റും സംഘം ശേഖരിച്ചിട്ടുണ്ട്.

Post A Comment: