പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂരിലെ വിനായകന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനു വേണ്ടി പ്രക്ഷോഭം തുടങ്ങാന്‍ വിവിധ ദലിതു സംഘടനകളുടെ സംയുക്ത കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂരിലെ വിനായകന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനു വേണ്ടി പ്രക്ഷോഭം തുടങ്ങാന്‍ വിവിധ ദലിതു സംഘടനകളുടെ സംയുക്ത കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഭാവി പരിപാടികളെക്കുറിച്ച് തീരുമാനിക്കുന്നതിന് ബുധനാഴ്ച വൈകിട്ട് ഏങ്ങണ്ടിയൂരില്‍ യോഗം ചേരും. 
വിനായകന്റെ കുടുംബത്തിനു 50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കണമെന്ന് ഏങ്ങണ്ടിയൂരില്‍ ചേര്‍ന്ന പ്രതിഷേധ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പൊലിസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റ ശരത്തിന് ചികിത്സയ്ക്കും മാനഹാനിക്കുള്ള നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപയും അനുവദിക്കണം. മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയ പൊലിസുകാരെ സര്‍വീസില്‍ നിന്നു ഡിസ്മിസ് ചെയ്ത് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കുക, ദലിതുകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ നിയമവ്യവസ്ഥയിലൂടെ പൂര്‍ണമായും തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം തുടങ്ങുന്നത്.
 
 
തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പോളയ്ക്കല്‍ സെന്ററിനു സമീപം താമസിക്കുന്ന ചക്കാണ്ടന്‍ കൃഷ്ണദാസിന്റെ മകന്‍ വിനായക് (19) പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി. 
ജൂലൈ 17ന് വിനായകനും സുഹൃത്ത് ശരത്തും പാവറട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വനിതാസുഹൃത്തുമായി സംസാരിക്കുന്ന സമയത്ത് അതുവഴി വന്ന പോലീസ് അകാരണമായി ഇവരെ ചോദ്യം ചെയ്യുകയും വനിതാസുഹൃത്തിന്റെ മുന്നില്‍വച്ച് വിനായകനെ മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് വിനായകനെയും ശരത്തിനെയും പാവറട്ടി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മൃഗീയമായ രീതിയില്‍ മര്‍ദ്ദിച്ചു.
ബ്യൂട്ടീഷ്യനായ വിനായകന്‍ മുടി നീട്ടി വളര്‍ത്തിയതിനെയും കമ്മല്‍ ധരിച്ചതിനെയും പരിഹസിക്കുകയും മുടി മുകളിലേക്ക് വലിച്ചുപിടിച്ച് ജനനേന്ദ്രത്തില്‍ ചവിട്ടുകയും ചെയ്തു. രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്ത ഇവരെ വൈകിട്ട് നാലുമണിയോടെ വിനായകന്റെ അച്ഛനെ വിളിച്ചുവരുത്തി ഇന്നു തന്നെ മുടി മുറിച്ചു മാറ്റണമെന്ന് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. 
തുടര്‍ന്നാണ് ശാരീരികവും മാനസികവുമായി തളര്‍ന്ന വിനായകന്‍ അപമാനം സഹിക്കാനാവാതെയും പോലീസ് മര്‍ദ്ദനം മൂലവും ആത്മഹത്യ ചെയ്തത്. ദലിത് സമൂഹത്തിനെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ ആഭ്യന്തരവകുപ്പ് നേരിട്ട് ഇടപെടുകയും ഈ വിഭാഗം ജനതയ്ക്ക് ഭരണഘടന ഉറപ്പുതരുന്ന നീതിയും സമാധാനവും നടപ്പാക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
 

വേട്ടുവ സര്‍വീസ് സൊസൈറ്റി, ഭാരതീയ പട്ടികജന സമാജം, അംബേദ്കര്‍ സ്മാരക സൊസൈറ്റി, വേട്ടുവ സമുദായ കൂട്ടായ്മ, അംബേദ്കര്‍ പഠനകേന്ദ്രം, ദലിത് സഭ, അംബേദ്കര്‍ ഗണപരിഷത്ത് സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ ആനന്ദന്‍ വടക്കുംതല അധ്യക്ഷനായി.
എ.കെ സന്തോഷ്, എം.എസ് വിജയന്‍, കെ.എസ് ഷൈജു, ഉദയന്‍ മോങ്കാടി സംസാരിച്ചു. ഭാവിപരിപാടികള്‍ക്കായി ആനന്ദന്‍ വടക്കുംതല (രക്ഷാധികാരി), കെ.എസ് ഷൈജു (പ്രസിഡന്റ്), എ.കെ സന്തോഷ് (സെക്രട്ടറി) ഭാരവാഹികളായി സമിതി രൂപീകരിച്ചു.

Post A Comment: