ചൈനീസ് അതിര്‍ത്തിയിലേക്ക് വേഗത്തില്‍ എത്താന്‍ ഇന്ത്യ അരുണാചല്‍ പ്രദേശിലൂടെ തുരങ്കം നിര്‍മിക്കുന്നു.


ഇറ്റാനഗര്‍: ചൈനീസ് അതിര്‍ത്തിയിലേക്ക് വേഗത്തില്‍ എത്താന്‍ ഇന്ത്യ അരുണാചല്‍ പ്രദേശിലൂടെ തുരങ്കം നിര്‍മിക്കുന്നു. അരുണാചലിലെ 4,170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സേല പാസിലൂടെയാണു തുരങ്കം നിര്‍മ്മിക്കുന്നത്. പദ്ധതി നടപ്പാകുമ്പോള്‍ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന തവാങ്ങിലെത്താന്‍ നിലവില്‍ ഉള്ളതിനെക്കാള്‍ 10 കിലോമീറ്ററോളം ദൂരം കുറയും. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനാണ് രണ്ട് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. ഇതോടെ അസമിലെ തേസ്പുരില്‍ സൈന്യത്തിന്റെ 4 കോര്‍ ആസ്ഥാനത്തുനിന്നു തവാങ്ങിലെത്താനുള്ള സമയത്തില്‍ ഒരു മണിക്കൂറോളം കുറവുണ്ടാകുമെന്ന് ബിആര്‍ഒ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇതുകൂടാതെ, ഈ തുരങ്കം വരുന്നതിലൂടെ അരുണാചല്‍ പ്രദേശിലെ ബോംദിലയ്ക്കും തവാങ്ങിനുമിടയിലെ 171 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത 13, ഏതു കാലാവസ്ഥയിലും യാത്രായോഗ്യം ആയിരിക്കുകയും ചെയ്യും. കിഴക്കന്‍ ഹിമാലയത്തിലെ ദുര്‍ഘടമായ വഴികളിലൂടെ അതിര്‍ത്തിയിലെത്താനുള്ള ഇന്ത്യയുടെ പ്രയാസം, തുരങ്കങ്ങള്‍ വരുന്നതിലൂടെ പരിഹരിക്കാനാകുമെന്നാണു വിലയിരുത്തല്‍. തുരങ്ക നിര്‍മാണത്തിനായി ഭൂമിയേറ്റെടുക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് കാട്ടി വെസ്റ്റ് കാമെങ് ഡപ്യൂട്ടി കമ്മിഷണര്‍ സോണല്‍ സ്വരൂപിന് ബിആര്‍ഒ ഔദ്യോഗികമായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.Post A Comment: