ചൈനീസ് അതിര്‍ത്തിയില്‍ പ്രത്യേകിച്ചും അരുണാചല്‍ പ്രദേശിലും ലഡാക്കിലുമാണ് ഈ പീരങ്കികള്‍ വിന്യസിക്കുക.

പൊഖ്‌റാന്‍: സിക്കിം, കശ്മീര്‍ അതിര്‍ത്തികളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ യുഎസില്‍ നിന്നു ലഭിച്ച രണ്ട് ലഘുപീരങ്കികള്‍ ഇന്ത്യ രാജസ്ഥാനിലെ പൊഖ്‌റാനില്‍ പരീക്ഷിച്ചു. എം-777 എ-2 എന്ന, ഭാരം കുറഞ്ഞതും ദീര്‍ഘദൂര ശേഷിയുള്ളതുമായ പീരങ്കികളാണ് പരീക്ഷിച്ചത്. യുഎസില്‍നിന്നും എത്തിച്ച പീരങ്കിയുടെ വേഗം, ദൈര്‍ഘ്യം, ശക്തി, മറ്റുവിവരങ്ങള്‍ എന്നിവയാണ് പരിശോധിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ പ്രത്യേകിച്ചും അരുണാചല്‍ പ്രദേശിലും ലഡാക്കിലുമാണ് ഈ പീരങ്കികള്‍ വിന്യസിക്കുക.
പരീക്ഷണങ്ങള്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു. നിലവില്‍ പരീക്ഷണങ്ങള്‍ വിജയകരമായാണ് മുന്നോട്ടുപോകുന്നത്. അധികം വൈകാതെ ഇന്ത്യന്‍ കരസേനയുടെ യുദ്ധമുഖത്തേക്ക് ഇവയെത്തുമെന്നും സൈനിക വക്താവ് വ്യക്തമാക്കി. സിക്കിമില്‍ ചൈനീസ് അതിര്‍ത്തിയിലും ജമ്മു കശ്മീരില്‍ പാകിസ്താന്‍ അതിര്‍ത്തിയിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരീക്ഷണങ്ങളുടെ വാര്‍ത്ത ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.
മൂന്നുദശകത്തെ കാത്തിരിപ്പിനു ശേഷമാണ് യുഎസ് നിര്‍മിത ആധുനിക പീരങ്കികള്‍ കരസേനയ്ക്കു കരുത്തു പകര്‍ന്ന് എത്തിയത്. ഭാരക്കുറവാണ് എം 777 പീരങ്കികളുടെ പ്രത്യേകത. സാധാരണ പീരങ്കികള്‍ റോഡ് മാര്‍ഗം കൊണ്ടു പോവുകയാണെങ്കില്‍ ഇവ ഹെലികോപ്റ്ററില്‍ കൊണ്ടുപോകാന്‍ കഴിയും. 30 കിലോമീറ്ററാണു പീരങ്കികളുടെ ദൂരപരിധി. കഴിഞ്ഞവര്‍ഷം നവംബര്‍ 30നാണ് ഇന്ത്യയും യുഎസും തമ്മില്‍ 5,000 കോടി രൂപയുടെ 145 എം- 777 ലഘുപീരങ്കികള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവച്ചത്. അമേരിക്കയില്‍ നിന്ന് എം 777 പീരങ്കികളാണ് ഇന്ത്യ വാങ്ങുക. 145 പീരങ്കികള്‍ വാങ്ങുന്നതില്‍ 25 എണ്ണം അമേരിക്കയില്‍ നിര്‍മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 120 എണ്ണം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ത്തന്നെയാണ് നിര്‍മിക്കുക.

Post A Comment: