പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പോകുന്നതോടെ പാക്ക് ഭരണത്തില്‍ സൈന്യം കൂടുതല്‍ പിടിമുറുക്കുമെന്നാണ്

പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പോകുന്നതോടെ പാക്ക് ഭരണത്തില്‍ സൈന്യം കൂടുതല്‍ പിടിമുറുക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യ കൂടുതല്‍ കരുതലിലാണ്. പാകിസ്താനില്‍ ജനാധിപത്യ സര്‍ക്കാര്‍ തുടരുന്നതാണ് ഇന്ത്യയ്ക്കു നല്ലത്. പാകിസ്താനില്‍ ജനാധിപത്യ സര്‍ക്കാരുകളുടെ തുടര്‍ച്ച ഉറപ്പുവരുത്തുമെന്ന പ്രതീക്ഷ നവാസ് ഷരീഫ് നിലനിര്‍ത്തിയിരുന്നു. ചര്‍ച്ചകള്‍ക്കു സാധ്യത തെളിയുന്നതും ജനാധിപത്യ സര്‍ക്കാരുമായാണ്. എന്നാല്‍, അടുത്തകാലത്തായി ഒരുതരത്തിലുമുള്ള ചര്‍ച്ചകളും നടന്നിരുന്നില്ല. സൈന്യത്തിന്റെ അനുമതിയില്ലാതെ ഒരു ചര്‍ച്ചയും നടത്താന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു നവാസ് ഷരീഫും. പാകിസ്താന്‍ ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ ശക്തിപ്പെടുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. ദുര്‍ബലമായ ഭരണകൂടമാണ് അവിടെ സൈന്യം ആഗ്രഹിക്കുന്നത്. അതിനെതിരായ എല്ലാ മുന്നേറ്റങ്ങളെയും സൈന്യം അട്ടിമറിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ- പാക്ക് ബന്ധത്തില്‍ ഒരു മാറ്റത്തിനും ഈ സംഭവവികാസങ്ങള്‍ കാരണമാകില്ല.
സൈന്യവുമായി നവാസ് ഷരീഫ് നല്ല ബന്ധത്തിലായിരുന്നില്ല. കരസേനാ മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബാജ്‌വയുമായും ചാരസംഘടനാ മേധാവി ലഫ്. ജനറല്‍ നവേദ് മുഖ്തറുമായും സ്വരച്ചേര്‍ച്ചയില്ലായിരുന്നു. ഷരീഫിനെ വീഴ്ത്തണമെന്നു സൈന്യം ആഗ്രഹിച്ചിരുന്നു. ആരോപണം അന്വേഷിച്ച ആറംഗ സുപ്രീം കോടതിയുടെ സമിതിയില്‍ രണ്ടുപേര്‍വീതം മിലിട്ടറി ഇന്റലിജന്‍സില്‍നിന്നും ഐഎസ്‌ഐയില്‍നിന്നുമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ ഭീകരര്‍ക്കു നവാസ് ഷരീഫ് സര്‍ക്കാര്‍ വേണ്ടത്ര സഹായം നല്‍കുന്നില്ല എന്നായിരുന്നു ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകരസംഘടനകളുടെ പരാതി. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ സൈന്യം അതിനെ തകര്‍ത്തു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാച്ചടങ്ങിനു ഷരീഫിനെ ക്ഷണിച്ചപ്പോള്‍ ഇന്ത്യ പാക്ക് ബന്ധം മെച്ചപ്പെടുകയാണെന്ന തോന്നലുണ്ടായി. മുംബൈ ഭീകരാക്രമണത്തിനുശേഷം നിലച്ചുപോയ സംഭാഷണം പുനരാരംഭിക്കാനും ശ്രമമുണ്ടായി. വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നിശ്ചയിച്ചതുമാണ്. എന്നാല്‍, കശ്മീര്‍ വിഘടനവാദി നേതാക്കളെ ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസിയിലേക്കു പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് ചര്‍ച്ചയ്ക്കു ക്ഷണിച്ചതു പാക്ക് സൈന്യത്തിന്റെ സമ്മര്‍ദംമൂലമായിരുന്നു. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കി.
2015 ഡിസംബറില്‍ വിദേശപര്യടനം കഴിഞ്ഞു മടങ്ങവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഹോറിലേക്കു പോയി നവാസ് ഷരീഫിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു. ഒരു മാസം കഴിയുംമുന്‍പേ പഠാന്‍കോട്ട് സൈനികത്താവളത്തില്‍ പാക്ക് ഭീകരാക്രമണമുണ്ടായി. ഇതോടെ ബന്ധം വീണ്ടും വഷളായി. നവാസ് ഷരീഫും സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ഷരീഫും സൈനിക മേധാവികളുമായി ഇടഞ്ഞതു കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു. സൈന്യത്തിന്റെ നിലപാടുകള്‍ പാകിസ്താനെ ഒറ്റപ്പെടുത്തുകയാണെന്നു ഷഹ്ബാസ് ഉന്നതതല യോഗത്തില്‍ ക്ഷുഭിതനായി പറഞ്ഞു. ഭീകരര്‍ക്കെതിരെ സിവിലിയന്‍ ഭരണകൂടം നടപടിയെടുത്തപ്പോഴൊക്കെ സൈന്യം ഇടപെട്ട് അവരെ സ്വതന്ത്രരാക്കിയെന്നും ഷഹ്ബാസ് കുറ്റപ്പെടുത്തി. കുല്‍ഭൂഷണ്‍ ജാദവ് വിഷയം വന്നപ്പോള്‍ നവാസ് ഷരീഫ് സര്‍ക്കാരിനെ പൂര്‍ണമായും അവഗണിച്ച് കരസേനാ മേധാവിയാണു കര്‍ക്കശ നിലപാടെടുത്തത്. രാജ്യാന്തര കോടതിയില്‍നിന്നു തിരിച്ചടി നേരിട്ടിട്ടും നിലപാടില്‍ അയവു വരുത്താന്‍ സൈന്യം തയാറായില്ല.

Post A Comment: