കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു.യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്തമാസം എട്ട് വരെ ദിലീപ് റിമാന്‍ഡില്‍ തുടരും. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. സംഭവത്തിന്റെ സൂത്രധാരന്‍ ദിലീപ് ആണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു.

കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാന്‍ ഉണ്ടെന്നും പ്രതിക്ക് ഉന്നത ബന്ധമുള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് അപൂര്‍വവും ഗൗരവസ്വഭാവമുള്ളതുമാണ്. സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും സംഭവത്തിനു പിന്നില്‍ നടന്നിട്ടുണ്ടെന്ന് കോടതി പറയുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടു. മാത്രമല്ല ഒളിവിലുള്ള മാനേജര്‍ അപ്പുണ്ണിയെ കണ്ടെത്തണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടു വെച്ചു.

ഇന്ത്യന്‍ ക്രിമിനല്‍ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ്. ദൃശ്യങ്ങള്‍ പുറത്ത് വന്നാല്‍ ഇരയുടെ ജീവന് പോലും ഭീഷണിയുണ്ടാവുമെന്നും ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും ജാമ്യം അംഗീകരിക്കാനാവില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള നിര്‍ണായക തെളിവുകള്‍ ഇനിയും കണ്ടെത്താന്‍ ഉള്ളത് ജാമ്യാപേക്ഷ തള്ളുന്ന തീരുമാനത്തെ സ്വാധീനിച്ചു.

Post A Comment: