ഗോസംരക്ഷണത്തിന്റെ മറയില്‍ അഴിഞ്ഞാടുന്നവരെ ഒരു വിധത്തിലും സംരക്ഷിക്കരുതെന്ന് സുപ്രിംകോടതി.ദില്ലി: ഗോസംരക്ഷണത്തിന്റെ മറയില്‍  അഴിഞ്ഞാടുന്നവരെ ഒരു വിധത്തിലും സംരക്ഷിക്കരുതെന്ന് സുപ്രിംകോടതി. ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. 
ഗോസംരക്ഷണ അതിക്രമങ്ങള്‍ തടയാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ശഹ്‌സീന്‍ പൂനാവാല നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. അതിക്രമങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ക്കെതിരേ ഇതുവരെ സ്വീകരിച്ച നിലപാട് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളോടും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. ഈ സാഹചര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു. 

ഇന്നലെ കേസ് പരിഗണിക്കവെ, ഗോരക്ഷകരുടെ ആക്രമണം സംബന്ധിച്ച് സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും എന്തുകൊണ്ടാണ് കേന്ദ്രവും സംസ്ഥാനങ്ങളും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്നതെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ചോദിച്ചു. 

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളാണ് മറുപടി പറയേണ്ടതെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ മറുപടി നല്‍കി. 

ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങളെ പിന്തുണയ്ക്കില്ല. ഈ വിഷയത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കു പൂര്‍ണ അധികാരമുണ്ട്. ക്രമസമാധാന നിലയുടെ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കായതിനാല്‍ ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതും നടപടിയെടുക്കേണ്ടതും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. ക്രമസമാധാനം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. ഇത്തരം അക്രമികള്‍ക്ക് രാജ്യത്ത് ഒരു സ്ഥാനവുമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു. 

ഗോരക്ഷയുമായി ബന്ധപ്പെട്ട അതിക്രമം നടത്തിയവരെയെല്ലാം അറസ്റ്റ് ചെയ്തതായി ഗുജറാത്ത്, ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ അറിയിച്ചു. ഹര്‍ജി അടുത്തമാസം വീണ്ടും പരിഗണിക്കും

Post A Comment: