നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കത്തിച്ചെന്ന് മൊഴി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കത്തിച്ചെന്ന് മൊഴി. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയാണ് സുപ്രധാനമായ മൊഴി നല്‍കിയത്.
കേസിലെ പ്രധാനപ്പെട്ട തെളിവാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍. വ്യാഴാഴ്ച്ചയാണ് പ്രതീഷ് ചാക്കോയെ പോലീസ് ചോദ്യം ചെയ്തത്. പള്‍സര്‍ സുനി ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നതായി നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ ഫോണ്‍ ദിലീപിനെ ഏല്‍പ്പിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുനി മൊഴി നല്‍കിയിരുന്നു.
ഫോണ്‍ തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നും രാജു അത് നശിപ്പിച്ചെന്നുമാണ് പ്രതീഷ് ചാക്കോയുടെ മൊഴി. രാജു ജോസഫിനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം പ്രതീഷിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അഥവാ ഫോണ്‍ നശിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ തെളിവു നശിപ്പിച്ചെന്ന കുറ്റവും പ്രതീഷിനെതിരെ ചുമത്തും. കേസ് കുഴച്ച് മറിക്കാനുള്ള നീക്കമാണോ ഇതെന്നും പോലീസ് സംശയിക്കുന്നു.

Post A Comment: