തസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.കൊച്ചി: മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ല. വാരികയുടെ ലേഖകനുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമായിരുന്നു. സംസാരം റെക്കോഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെന്നും സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
സംഭാഷണത്തില്‍ ഐ.എസ്, മാവോയിസ്റ്റ്, തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. ഉത്തരവാദിത്തമുഉള്ള പൊലിസ് ഉദ്യോഗസ്ഥര്‍ ഈ ഗ്രൂപ്പുകള്‍ക്കെതിരെ തുടക്കത്തില തന്നെ നടപടി സ്വീകരിക്കണമെന്നാണ് തന്റെ നിലപാടെന്നും സെന്‍കുമാര്‍ അപേക്ഷയില്‍ വ്യക്തമാക്കി.
സര്‍വീസിലിരിക്കെ ഉന്നത ഉദ്യോഗസ്ഥരുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അപകര്‍ത്തിപ്പെടുത്താനാണ് കേസ് എടുത്തതെന്നും സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്.
സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാറിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് സെന്‍കുമാര്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ നിയമോപദേശം നല്‍കിയത്.

Post A Comment: