സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.കൊല്‍ക്കത്ത:  സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡാര്‍ജിലിങ്ങില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കുചേരണമെന്നും മമത ആവശ്യപ്പെട്ടു. കഴിഞ്ഞ 48 ദിവസമായി ഇവിടെ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
എന്ത് സംഭവിച്ചാലും സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തെ താന്‍ പിന്തുണയ്ക്കില്ല. അതിനുവേണ്ടി ജീവന്‍  ത്യജിക്കാനും തയ്യാറാണെന്ന് എല്ലാവരും ഓര്‍ക്കണം. ഇത് ഇന്ത്യയാണ്. ഇതിനെ സംരക്ഷിക്കുകയാണ് നമ്മുടെ ബാധ്യത. അല്ലാതെ വിഭജിക്കുകയല്ല- മമത പറഞ്ഞു.
 ബംഗാളിലെ എല്ലാ ജില്ലകളെയും പോലെ തന്നെ ഡാര്‍ജലിങ് കുന്നുകളേയും താന്‍ ഇഷ്ടപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു. ഇത് ബംഗാളിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്നും മമത ആവശ്യപ്പെട്ടു.
സംഘര്‍ഷം നിലനില്‍ക്കുന്ന ഈ കുന്നുകള്‍ വിഭജനത്തിന്റെ പേരില്‍ വിട്ടുകൊടുക്കാന്‍ താന്‍ തയ്യാറല്ല. ഈ കുന്നുകളാണ് ബംഗാളിന്റെ സൗന്ദര്യം. അത് ഭാവിയിലും ഇതുപോലെ ഉണ്ടാവണമെന്നാണ് താനടക്കമുള്ളവര്‍ ആഗ്രഹിക്കുന്നത്. ഡാര്‍ജിലിംഗിന്റയും ബംഗാളിന്റേയും വിഭജനത്തെയല്ല, വികസനമാണ് താന്‍ ലക്ഷ്യമിടുന്നത്, മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കി സമാധാനം നഷ്ടപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും മമത പറഞ്ഞു.
ഡാര്‍ജിലിംഗില്‍ ഗൂര്‍ഖാലാന്റ് വേണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രക്ഷോഭം നടക്കുന്നത്. ഗൂര്‍ഖ ജന്മുക്തി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രമാണെന്നാണ് മമത ആരോപിക്കുന്നത്.

Post A Comment: