അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രവൃത്തികള്‍ തുടങ്ങിയതായി കെ.എസ്.ഇ.ബി ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചു.
പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചു. അതീവരഹസ്യമായാണ് കെ.എസ്.ഇ.ബിയുടെ നീക്കം.
അതിരപ്പിള്ളി പദ്ധതിക്കു ലഭിച്ച പാരിസ്ഥിതിക അനുമതിയുടെ കാലാവധി ജൂലൈ 18 ന് അവസാനിക്കും. ഇതിനു മുന്നോടിയായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി വൈദ്യുതിമന്ത്രി എം.എം മണി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.
അതിരപ്പിള്ളിയില്‍ ജലവൈദ്യുത പദ്ധതി ഉടന്‍ ഇല്ലെന്നും സമവായത്തിലൂടെ മാത്രമേ നടപ്പിലാക്കൂ എന്നും ചൊവ്വാഴ്ച നിയമസഭയില്‍ പറഞ്ഞ മന്ത്രി ഇന്നലെ നിലപാട് മാറ്റുകയായിരുന്നു. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും കെ.എസ്.ഇ.ബി പൂര്‍ത്തിയാക്കിയെന്നും മന്ത്രി അറിയിച്ചു. 
കേന്ദ്ര വൈദ്യുതി അതോറിറ്റിയും ജല കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു നേരത്തെ സി.പി.എം നിലപാട്. എന്നാല്‍, പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടങ്ങി. ഇതിനെതിരേ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ രംഗത്തെത്തിയതോടെ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. 
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡ് തയാറാക്കിയിരുന്നത്.

Post A Comment: