വിഴിഞ്ഞത്ത് കഞ്ചാവ് ലഹരിയില്‍ മത്സ്യതൊഴിലാളിയെ വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴെയിട്ടു കൊന്നു.
വിഴിഞ്ഞം: വിഴിഞ്ഞത്ത് കഞ്ചാവ് ലഹരിയില്‍ മത്സ്യതൊഴിലാളിയെ വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴെയിട്ടു കൊന്നു. വിഴിഞ്ഞം ഫിഷ് ലാന്‍ഡിംഗ് സെന്ററിന് സമീപത്തെ വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ നിന്നുമാണ് മത്സ്യതൊഴിലാളിയെ നിലത്തെറിഞ്ഞത്. വിഴിഞ്ഞം കോട്ടപ്പുറം വടയാര്‍ പുരയിടത്തില്‍ ക്രിസ്റ്റടിമയാണ് (55) ദാരുണമായി കൊല്ലപ്പെട്ടത്. 

സംഭവവുമായി ബന്ധപ്പെട്ട് കലവാനെന്ന റോബിന്‍സണ്‍, രാമേശ്വരം സ്വദേശി രാധ എന്നിവരെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി പതിനൊന്നരമണിയോടെയായിരുന്നു സംഭവം. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. 


മത്സ്യ തൊഴിലാളിയായ ക്രിസ്റ്റടിമ പുലര്‍ച്ചെ മത്സ്യ ബന്ധനത്തിന് പോകാനായി വീട്ടില്‍ നിന്ന് രാത്രി ഒന്‍പതു മണിയോടെയാണ് കടപ്പുറത്തെത്തിയത്. ഫിഷ് ലാന്‍ഡിംഗ് സെന്ററിന് സമീപത്ത് നിര്‍മ്മാണം നടന്നുവരുന്ന ലേലക്കാരുടെ വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ കിടന്നുറങ്ങിയശേഷമാണ് വെളുപ്പാന്‍ കാലത്ത് ബോട്ടില്‍ പോകുന്നത്. ക്രിസ്റ്റടിമ ഉറങ്ങാനെത്തിയ സമയത്ത് വിശ്രമകേന്ദ്രത്തിന് മുകളില്‍ റോബിന്‍സണും രാധയും കഞ്ചാവ് വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായ റോബിന്‍സണും രാധയും ക്രിസ്റ്റടിമയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇയാളെ പൊക്കി നിലത്തെറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 


തറയില്‍ വീണ് രക്തത്തില്‍ കുളിച്ച ക്രിസ്റ്റടിമയെ വിവരം അറിഞ്ഞെത്തിയ വിഴിഞ്ഞം പോലീസ് ആംബുലന്‍സ് വരുത്തി ഉടന്‍ തന്നെ വിഴിഞ്ഞം ഗവ. ആശുപത്രിയിലും തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഷെര്‍ലിയാണ് ക്രിസ്റ്റടിമയുടെ ഭാര്യ. റോബര്‍ട്ട് മകനാണ്. വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തില്‍ സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.

Post A Comment: