സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വഴി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീയതി ഡിസംബര്‍ 31വരെ നീട്ടി


ദില്ലി: സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വഴി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീയതി ഡിസംബര്‍ 31വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലാണ് ഇത് സംബന്ധിച്ച വിവരം കോടതിയെ അറിയിച്ചത്.
ഇതേത്തുടര്‍ന്ന് ആധാര്‍ സംബന്ധമായ കേസുകളില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി.
ആധാര്‍ നല്‍കുന്ന സമയ പരിധി നീട്ടാന്‍ തീരുമാനിച്ച സ്ഥിതിക്ക് കേസ് പരിഗണിക്കുന്നതില്‍ തിടുക്കം കാട്ടേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
ആധാറിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രണ്ടാം തവണയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീയതിയില്‍ കേന്ദ്രം മാറ്റം വരുത്തുന്നത്. ആദ്യം ജൂണ്‍ 30 ആയിരുന്നതാണ് പിന്നീട് സെപ്തംബര്‍ 30ലേക്ക് മാറ്റിയിരുന്നത്. ഇന്ന് വീണ്ടും തിയ്യതി മാറ്റുകയായിരുന്നു.

Post A Comment: