രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്ദില്ലി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സമരം നിമിത്തം ബാങ്ക് സേവനങ്ങളില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
ബാങ്ക് സ്വകാര്യവല്‍കരണം, ലയനം എന്നീ നീക്കങ്ങള്‍ പിന്‍വലിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതി തള്ളാതിരിക്കുക, വര്‍ദ്ധിപ്പിച്ച ബാങ്കിങ്ങ് സേവന നിരക്കുകള്‍ കുറക്കുക, ജിഎസ്ടിയുടെ പേരിലുള്ള സര്‍വീസ് ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്ത് ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.
സമരം പൊതുമേഖലാ ബാങ്കുകളുടെ സേവനങ്ങളെ തടസ്സപ്പെടുത്തും. സമരം ശാഖകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മിക്ക ബാങ്കുകളും ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. ചെക്കുകള്‍ മാറുന്നതിനും ബാങ്കിലെത്തി പണം നിക്ഷേപിക്കുന്നതിനും എടുക്കുന്നതിനുമാകും പ്രധാനമായും തടസ്സം നേരിടുക. എടിഎം, ഓണ്‍ലൈന്‍ ഇടപാടുകളെ പണിമുടക്ക് ബാധിക്കാനിടയില്ല. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 15ന് ഒരു ലക്ഷം പേരുടെ പാര്‍ലമെന്റ് മാര്‍ച്ച്‌ നടത്തുമെന്നും സമരസമിതി അറിയിച്ചു.

Post A Comment: