ഗുരുവായൂരിലെ കുപ്രസിദ്ധ ബൈക്ക് മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റു ചെയ്തു
ഗുരുവായൂര്‍: ഗുരുവായൂരിലെ കുപ്രസിദ്ധ ബൈക്ക് മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റു ചെയ്തു. ഗുരുവായൂര്‍ നെന്മിനി പുതുക്കോട് വീട്ടില്‍ സുഭാഷിനേ (21) യാണ് ഗുരുവായൂര്‍ ടെമ്പിള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു.എച്ച്. സുനില്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രാത്രികാല പെട്രോളിങ്ങിന്‍റെ ഭാഗമായി ബാലകൃഷ്ണാ തിയ്യറ്ററിന് സമീപം വാഹനപരിശോധന നടത്തവെ പോലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ പ്രതിയെ പിന്തുടര്‍ന്നാണ്  പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ മറ്റം പന്നിശ്ശേരി ജോമോന്‍റെ ഉടമസ്ഥതയിലുള്ളതാണ് മോഷ്ടിച്ചെടുത്ത ഫോര്‍ റജിസ്റ്റ്രേഷനിലുള്ള ഈ ബൈക്കെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൂടുതല്‍ ചോദ്യംചെയ്യലിലാണ് ബൈക്കുകളുടെ മോഷണ പരമ്പര പുറത്തായത്. എളവള്ളി കറുത്തേടത്ത് വീട്ടില്‍ രാധാകൃഷ്ണന്‍റെ ബൈക്ക്, പെരുമ്പിലാവ് പ്ലാക്കല്‍ വീട്ടില്‍ സലീമിന്‍റെ ബൈക്ക്, എളവള്ളി ചക്കാലപറമ്പ് ധനേഷിന്‍റെ ബൈക്ക് എന്നിവയും താന്‍ മോഷ്ടിച്ചിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചു. മോഷ്ടിച്ചെടുത്ത ബാക്കി മൂന്ന് ബൈക്കുകളും പോലീസ് കണ്ടെടുത്തു.
ബൈക്കുകള്‍ നഷ്ടപ്പെട്ടതിന് ഗുരുവായൂര്‍ പോലീസ് സ്റ്റേഷനിലും, പാവറട്ടി പോലീസ് സ്റ്റേഷനിലുമായി കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേയാണ് പ്രതി ടെമ്പിള്‍ പോലീസിന്‍റെ പിടിയിലായതെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു.എച്ച്. സുനില്‍ദാസ് അറിയിച്ചു. എസ്.ഐ പി.എം. വിമോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ്. അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.എന്‍. പ്രീബു, സി.ബി. മനോജ്, സുരേഷ്ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Post A Comment: