യുഎസ് നിര്‍മ്മിതമായ അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ സൈന്യം.ദില്ലി :യുഎസ് നിര്‍മ്മിതമായ അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ആറ് മാസത്തിനുള്ളില്‍ ആക്രമണകാരിയായ ആറ് അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനാണ് പദ്ധതി. 2021ഓടെ ഹെലികോപ്റ്ററുകളുടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4170 കോടി (655 മില്യണ്‍ ഡോളര്‍) രൂപയാണ് ചിലവ്. പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ (ഡിഎസി) ആണ് അപ്പാഷെ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള തീരുമാനമെടുത്തത്. 1991ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ കുവൈത്തിലെ ഇറാഖി സൈനികനിരകള്‍ക്കു കനത്ത നാശം വിതച്ചതാണ് അപ്പാഷെ ഹെലികോപ്റ്റര്‍. പതിനാറു ഹെല്‍ഫയര്‍ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇതിനു വഹിക്കാന്‍ കഴിയും. രണ്ടും ഒരുമിച്ചുമാകാം. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റര്‍ പീരങ്കിയും അപ്പാഷെയിലുണ്ട്. ആയുധമില്ലാത്തപ്പോള്‍ 4657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാല്‍ 8006 കിലോഗ്രാമും. വീണ്ടും ഇന്ധനം നിറയ്ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റര്‍ പറക്കാന്‍ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറില്‍ 311 കിലോമീറ്ററാണ്. യുദ്ധഭൂമിയില്‍ അപ്പാഷെ സ്‌ക്വാഡ്രനുകളോടൊപ്പം കമാന്‍ഡ്കണ്‍ട്രോള്‍ സംവിധാനമൊരുക്കി ബ്ലാക്ക്‌ഹോക്ക് ഹെലിക്കോപ്റ്ററുകളും പറക്കാറുണ്ട്.

Post A Comment: