50 ഘട്ടങ്ങളായുള്ള 'വെല്ലുവിളികള്‍' പൂര്‍ത്തിയാക്കി ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍.
മോസ്കോ: 50 ഘട്ടങ്ങളായുള്ള 'വെല്ലുവിളികള്‍' പൂര്‍ത്തിയാക്കി ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍.
ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ സ്ഥാനത്ത് ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്.
കിഴക്കന്‍ റഷ്യയിലെ ഹബാറോസ്കി ക്രയ്യിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തി.
മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയാണ്. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.
പാതി വഴിയില്‍ ഈ ഗെയിം നിര്‍ത്തിയാല്‍ കളിക്കുന്നയാളെയോ വീട്ടുകാരെയോ ബന്ധുക്കളെയോ കൊല്ലപ്പെടുത്തുമെന്നാണ് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയത്.
ബ്ലൂവെയ്ല്‍ ചാലഞ്ച് എന്നുപേരിട്ട ഗ്രൂപ്പിലെ അഡ്മിനും ഈ പതിനേഴുകാരി തന്നെയാണ്. ഗ്രൂപ്പിലെ ഒരു ഡസനിലേറെ പേര്‍ക്കു നേരെ വധഭീഷണി അയച്ചുവെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ട്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യവും പോലീസ് സ്ഥിരീകരിച്ചു.
സ്വയം ദേഹോപദ്രവമേല്‍പ്പിക്കാനുള്ള കടുത്ത ടാസ്കുകളാണ് പെണ്‍കുട്ടി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഗെയിം കളിക്കുന്നവരെ മാനസികമായി തകര്‍ക്കാനുള്ള നീക്കങ്ങളും ഇവര്‍ നടത്തി.
നേരത്തെ ഗ്രൂപ്പില്‍ ഗെയിം കളിച്ചിരുന്നയാളായിരുന്നു പെണ്‍കുട്ടിയെന്നും പോലീസ് പറയുന്നു. അതിനിടെയാണ് അഡ്മിന്‍ സ്ഥാനത്തേക്കെത്തുന്നതും.
ബുഡെയ്കിനെ പിടികൂടി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിട്ടും ബ്ലൂവെയ്ല്‍ ആത്മഹത്യകള്‍ റഷ്യയില്‍ തുടര്‍ന്നതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.

Post A Comment: