നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. അതിനിടെ ദിലീപിനെതിരെ ഇരുനൂറിലധികം തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നലെ പൂര്‍ത്തിയായി. രണ്ട് ദിവസമാണ് കോടതിയില്‍ വാദം നടന്നത്.
ദിലീപിനെതിരെ 223 തെളിവുകളുണ്ടെന്ന് പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന 169 രേഖകളും 15 രഹസ്യമൊഴികളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇന്നലെ കോടതിയില്‍ വാദം നടക്കുന്നതിനിടെ ദിലീപിനെ കിംഗ് ലയര്‍ എന്നാണ് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്.
പള്‍സര്‍ സുനിയും കാവ്യാ മാധവനും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കാവ്യയും കുടുംബവുമായി ബന്ധമുണ്ടെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. തൃശൂര്‍ ടെന്നീസ് ക്ലബ്ബിലെ ജീവനക്കാര്‍ ദിലീപിനേയും പള്‍സര്‍ സുനിയേയും ഒരുമിച്ച കണ്ടതായി രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. ദിലീപിനെതിരെ സിനിമാ രംഗത്ത് നിന്ന് തന്നെ ഗൂഡാലോചന നടന്നുവെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദം നിഷ്പ്രഭമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നതെന്നാണ് സൂചന.

Post A Comment: