നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി ഇന്നത്തേയ്ക്ക് മാറ്റിയത്. അഡ്വ. രാമന്‍പിള്ള മുഖേനയാണ് ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
ആദ്യ ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യം ഇപ്പോഴില്ലെന്നും, അതിനാല്‍ കൂടുതല്‍ തടങ്കല്‍ ആവശ്യമില്ലെന്നും പുതിയ ജാമ്യഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു. തന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണെന്ന കാര്യവും നേരത്തെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു
എന്നാല്‍ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്.  കൂടാതെ കേസില്‍ നിര്‍ണായകമെന്ന് പ്രോസിക്യൂഷന്‍ പറയുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാണിക്കുന്നു
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റുചെയ്തത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇന്ന് അഞ്ചാമത്തെ കേസായാണ് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ച ദിവസം തന്നെ അക്കാര്യം ഡിജിപിയെ അറിയിച്ചിരുന്നു എന്ന ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിന് പ്രോസിക്യൂഷന്‍ ഇന്ന് മറുപടി നല്‍കും.

Post A Comment: