നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പതിനൊന്നാം പ്രതി ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പതിനൊന്നാം പ്രതി ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. കേസന്വേഷണത്തോട് പൂര്‍ണ്ണായും സഹകരിക്കുകയും മാനേജര്‍ അപ്പുണ്ണിയെ അടക്കം ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയെന്നുപറയുന്ന കത്ത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചത്. മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണ്. ഒരേ ടവര്‍ ലൊക്കേഷനുകീഴിലുണ്ടായിരുന്നെന്ന പേരില്‍ സുനിയുമായിച്ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല. ടവര്‍ ലൊക്കേഷന്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവുവരെയാകാം. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകുന്നില്ല. ദിലീപിന് സ്വന്തം കാരവനുണ്ടെന്നിരിക്കെ അതിനുള്ളിരുന്നല്ലാതെ പുറത്തുനിന്ന് ഗൂഢാലോചന നടത്തിയെന്നുപറയുന്നത് സാക്ഷികളെ ഉണ്ടാക്കാനുള്ള പോലീസിന്റെ ശ്രമമാണ്. പോലീസ് ഒമ്പത് ഫോണുകള്‍ കണ്ടെടുത്തെങ്കിലും അവയില്‍നിന്നൊന്നും ദിലീപിന് കോള്‍ പോയതായി കണ്ടെത്താനായിട്ടില്ല.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന് പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ മൊഴി നല്കിയിട്ടുണ്ട്. തുടങ്ങി ഒട്ടേറെ വാദങ്ങള്‍ ദിലീപ് കോടതിയില്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് പ്രോസീക്യൂഷന് വേണ്ടി ഇന്ന് കോടതിയില്‍ വാദിക്കുക. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നതിന് സാക്ഷികളുണ്ടെന്നും ജാമ്യം നല്‍കുന്നത് കേസിനെ സാരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച കേസ് ഡയറി മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും. പ്രോസീക്യൂഷന്‍ വാദം കൂടി കേട്ട ശേഷം ഇന്ന് തന്നെ ഹൈക്കോടതി കേസില്‍ വിധി പറഞ്ഞേക്കും.

Post A Comment: