കുട്ടികളെ പ്രവേശിപ്പിച്ച വാര്‍ഡിന്റെ മോശപ്പെട്ട അവസ്ഥയാണ് മരണത്തിനു കാരണമെന്ന് റിപ്പോര്‍ട്ട്.
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  79 കുട്ടികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം ഓക്‌സിജന്‍ വിതരണത്തിലെ അപാകത തന്നെയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാമജസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വീഴ്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍  ഡോ. രാജീവ് മിശ്രക്കും അനസ്തീഷ്യ വിഭാഗം തലവന്‍ ഡോ. സതീഷ് കുമാറിനും ഒഴിഞ്ഞു മാറാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതായും ജില്ലാമജിസ്‌ട്രേറ്റ് രാജിവ് റൗത്തേലയുടെ റിപ്പോര്‍ട്ടിലുണ്ട്. വിതരണക്കാരായ പുഷ്പ ഡീലേഴ്‌സും ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിന് ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണവും ശിപാര്‍ശ ചെയ്യുന്നുണ്ട്. 
സംഭവം മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നായിരുന്നില്ലെന്ന ആശുപത്രി രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കുട്ടികളുടെ മരണകാരണം മസ്തിഷ്‌ക ജ്വരമാണെന്നായിരുന്നു മുഖ്യമന്ത്രിയും കേന്ദ്ര സര്‍ക്കാരും പറഞ്ഞിരുന്നത്. കുട്ടികളില്‍ 30 പേരുടെ മരണം ഓഗസ്റ്റ് 10,11 തിയതികളിലാണ്. ഇവരുടെയെല്ലാം മരണകാരണങ്ങള്‍ മസ്തിഷ്‌ക ജ്വരമല്ല. അതേസമയം പല രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുട്ടികളെ പ്രവേശിപ്പിച്ച വാര്‍ഡിന്റെ മോശപ്പെട്ട അവസ്ഥയാണ് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.


Post A Comment: